തിരുവനന്തപുരം: സപ്ലൈകോ അഞ്ച് സബ്‌സിഡി ഇനങ്ങളുടെ വില കുറച്ചു. തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വന്‍പയര്‍ എന്നിവയ്ക്ക് നാളെ മുതല്‍ പുതിയ വില. നാലുമുതല്‍ പത്തുരൂപ വരെയുടെ കുറവുണ്ടാകും. സാധാരണക്കാരായ ജനങ്ങളെ പരമാവധി സഹായിക്കുന്ന നിലപാടാണ് സപ്ലൈകോ എക്കാലവും സ്വീകരിച്ചിട്ടുള്ളതെന്ന് വകുപ്പ് മന്ത്രി ജിആര്‍ അനില്‍ പറഞ്ഞു. ഉത്സവ സീസണുകളില്‍ വിപണി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിഷു, ഈസ്റ്റര്‍ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പഴവങ്ങാടി പീപ്പിള്‍സ് ബസാറില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ തിരഞ്ഞെടുത്ത സപ്ലൈകോ ഔട്ട്ലറ്റുകളില്‍ ഏപ്രില്‍ 19 വരെയാണ് ഉത്സവകാല ഫെയറുകള്‍ സംഘടിപ്പിക്കുന്നത്. വിഷു-ഈസ്റ്റര്‍ കാലയളവിലും ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസമേകുന്ന നിലപാടാണ് സപ്ലൈകോ സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായി തുവര പരിപ്പിന്റെ വില 115 രൂപയില്‍ നിന്ന് 105 രൂപയായും ഉഴുന്നിന്റെ വില 95 രൂപയില്‍ നിന്നും 90 രൂപയായും വന്‍കടലയുടെ വില 69 രൂപയില്‍ നിന്നും 65 രൂപയായും വന്‍പയറിന്റെ വില 79 രൂപയില്‍ നിന്നും 75 രൂപയായും മുളക് 500 ഗ്രാമിന് 68.25 രൂപയില്‍ നിന്നും 57.75 രൂപയായും കുറച്ചിട്ടുണ്ട്. ഏപ്രില്‍ 11 മുതല്‍ തന്നെ വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് സപ്ലൈകോ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് സപ്ലൈകോ നവീകരിക്കുന്നതിനുള്ള നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആന്റണി രാജു എം.എല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാജു, സപ്ലൈകോ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സബ്സിഡി സാധനങ്ങളുടെ ഏപ്രിൽ 11 മുതൽ ഉള്ള വിലയും, അവയുടെ വിപണി വിലയും ക്രമത്തിൽ
വൻകടല (ഒരു കിലോഗ്രാം) — 65– 110.29
ചെറുപയർ (ഒരു കിലോഗ്രാം)–90 — 126.50
ഉഴുന്ന് (ഒരു കിലോഗ്രാം)90 132.14
വൻപയർ (ഒരു കിലോഗ്രാം) 75. — 109.64
തുവരപ്പരിപ്പ് (ഒരു കിലോഗ്രാം) 105– 139.5
മുളക്( 500ഗ്രാം) — 57.75 — 92.86
മല്ലി( 500ഗ്രാം) 40.95 — 59.54
പഞ്ചസാര (ഒരു കിലോഗ്രാം) 34.65 — 45.64
വെളിച്ചെണ്ണ ഒരു ലിറ്റർ പാക്കറ്റ് ( സബ്സിഡി 500 എം എൽ+ നോൺ സബ്സിഡി 500 ml) — 240.45. __ 289.77
ജയ അരി (ഒരു കിലോഗ്രാം) 33 — 47.42
കുറുവ അരി( ഒരു കിലോഗ്രാം) 33. — 46.33
മട്ട അരി (ഒരു കിലോഗ്രാം)33—–. 51.57
പച്ചരി (ഒരു കിലോഗ്രാം)29.— 42.21
(പൊതു വിപണി വില എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ ഏപ്രിൽ പത്തിലെ കണക്കനുസരിച്ച്)