ബി ജെ പി വിജയിച്ചതിന് പിന്നാലെ ത്രിപുരയിൽ അറുന്നൂറിലധികം അക്രമസംഭവങ്ങള്‍ ഉണ്ടായെന്ന് സി പി എം. ത്രിപുരയിലെ വിവിധയിടങ്ങളിലായി മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും നൂറിലധികം പേർക്ക് പരിക്കേറ്റെന്നുമാണ് സി പി എമ്മിൻ്റെ ആരോപണം.
ബിജെപി രണ്ടാം തവണ ഭരണത്തിലേറിയതിന് ശേഷം ത്രിപുരയില്‍ 668 അക്രമ സംഭവങ്ങള്‍ നടന്നതായി സി പി എം ചൂണ്ടിക്കാണിക്കുന്നു. മാര്‍ച്ച് 2 മുതൽ തുടര്‍ച്ചയായി അക്രമ സംഭവങ്ങൾ അരങ്ങേറുകയാണ്. ഇതിനേത്തുടർന്ന് ആയിരക്കണക്കിന് ആളുകള്‍ വീടുവിട്ട് കാട്ടിലും സംസ്ഥാനത്തിന് പുറത്തുമായി അഭയം പ്രാപിച്ചിരിക്കുകയാണ്. 2018ല്‍ ബിജെപി അധികാരത്തിലെത്തിയ ശേഷം സംസ്ഥാനം കിരാത ഭരണത്തിനാണ് സാക്ഷ്യം വഹിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി കുറ്റപ്പെടുത്തി.
ബി.ജെ.പിയുടെ ഗുണ്ടകള്‍ നിരോധന ഉത്തരവുകള്‍ ലംഘിച്ച് ആളുകളെ ആക്രമിക്കുകയും അവരുടെ സ്വത്തുക്കള്‍ അപഹരിക്കുകയും ചെയ്തെന്ന് ചൗധരി പറഞ്ഞു. ജിതേന്ദ്ര ചൗധരി, മുന്‍ മന്ത്രി തപന്‍ ചക്രബര്‍ത്തി, ഇടത് കണ്‍വീനര്‍ നാരായണ്‍ കര്‍ എന്നിവരുള്‍പ്പെടുന്ന സംഘം ത്രിപുരയിലെ സാഹചര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.