ബെംഗളൂരു: നാലു വയസുള്ള മകനെ കൊന്ന് ബാഗിലാക്കിയ യുവതി അറസ്റ്റില്‍. ബെംഗളൂരുവിലെ സ്റ്റാര്‍ട്ടപ് കമ്പനി ഉടമ സുചന സേത് ചിത്രദുര്‍ഗയിലാണ് അറസ്റ്റിലായത്. ഗോവയിലെ അപ്പാര്‍ട്മെന്റില്‍ വച്ച് മകനെ കൊന്നശേഷം ബാഗിലാക്കി ബെംഗളൂരുവിലേക്ക് കാറില്‍ വരുമ്പോഴായിരുന്നു അറസ്റ്റ്. സുചനയുടെ ഭര്‍ത്താവിനായി ഗോവന്‍ പൊലീസ് തിരച്ചില്‍ തുടങ്ങി.
അതേ സമയം യുവതിയുടെ ഭർത്താവ് മലയാളി ആണെന്നാണ് റിപ്പോർട്ട്.
മകനെ മുര്‍ച്ചയേറിയ കത്തികൊണ്ട് കുത്തിക്കൊന്ന ശേഷം മൃതദേഹം ട്രാവല്‍ ബാഗിലാക്കി ഹോട്ടലില്‍ നിന്നു രക്ഷപ്പെടുക. തെറ്റായ വിവരങ്ങള്‍ നല്‍കി പൊലീസിനെയും വട്ടം കറക്കുക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ 100 പ്രഗല്‍ഭ വനിതകളില്‍ ഒരാളായി ഇടം നേടിയ സുചന സേത്തിന്റെ ക്രൂരത കേട്ടു നടുങ്ങുകയാണു ഐ.ടി. നഗരം.
ദിവസങ്ങള്‍ക്കു മുന്‍പാണു സുചനയും മകനും ഉത്തര ഗോവ കണ്ടോളിനിലെ ഹോട്ടലില്‍ മുറിയെടുത്തത്. ഇന്നലെ നാട്ടിലേക്കു കാര്‍ മാര്‍ഗം മടങ്ങുകയും ചെയ്തു. ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ രക്തക്കറ കണ്ടതോടെ ഹോട്ടലുകാര്‍ പൊലീസിനെ അറിയിച്ചു. സിസിടിവി ശ്യങ്ങളില്‍ സുചന മാത്രമാണു ഹോട്ടലില്‍ നിന്നു മടങ്ങിയതെന്നു പൊലീസ് കണ്ടെത്തി. തുടര്‍ന്ന് കാര്‍ ഡ്രൈവറുടെ ഫോണില്‍ വിളിച്ച ഗോവന്‍ പൊലീസ് മകനെ കുറിച്ചു സുചനയോടു തിരക്കി. മകന്‍ സുഹൃത്തിന്റെ കൂടെയുണ്ടെന്നു പറഞ്ഞ സുചന അവരുടെ മേല്‍വിലാസവും കൈമാറി. എന്നാല്‍ ഈ മേല്‍വിലാസം വ്യാജമാണന്നു സ്ഥിരീകരിച്ച ഗോവന്‍ പൊലീസ് ടാക്സി ഡ്രൈവറോട് രഹസ്യമായി തൊട്ടടുത്തുള്ള സ്റ്റേഷനിലേക്കു കാറെത്തിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ സമയം ചിത്രദുര്‍ഗയിലെത്തിയ ഡ്രൈവര്‍ കാര്‍ സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
കാറിലുണ്ടായിരുന്ന ബാഗില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ഗോവന്‍ പൊലീസ് ചിത്രദുര്‍ഗയിലെത്തി സുചന സേത്തിനെ കസ്റ്റഡിയില്‍ വാങ്ങി ഗോവയിലേക്കു കൊണ്ടുപോയി. 2020 ഇവര്‍ വിവാഹമോചനം നേടിയിരുന്നു. എല്ലാ ഞായറാഴ്ചകളിലും കുട്ടിയെ അച്ഛനൊപ്പം അയക്കാന്‍ ഈയിടെ കോടതി നിര്‍ദേശിച്ചിരുന്നു. ഇതു തടയാനാണു കൊലപ്പെടുത്തിയതെന്നാണ് മൊഴി.