ശ്രീനഗർ: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. മുഫ്തി അപകടത്തിൽ നിന്ന് പരിക്കില്ലാതെ രക്ഷപ്പെട്ടു. ജമ്മുകശ്മീരിലെ അനന്തനാഗ് ജില്ലയിൽവെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു.
അപകടത്തെ കുറിച്ച് മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി ട്വീറ്റ് ചെയ്തിട്ടുണ്ട്. കാറിലുണ്ടായിരുന്നവർ ഗുരുതര പരിക്കില്ലാതെ രക്ഷപ്പെട്ടുവെന്നായിരുന്നു ട്വീറ്റ്.
അപകടത്തിൽനിന്ന് മുഫ്തി രക്ഷപ്പെട്ടതിൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല സന്തോഷം പ്രകടിപ്പിച്ചു. അപകടമുണ്ടാകാനുള്ള സാഹചര്യത്തെ കുറിച്ച് സർക്കാർ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ സുരക്ഷവീഴ്ചയുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു