ആലപ്പുഴ: സമരവും ഭരണവും എന്തെന്ന് എം ടി വാസുദേവൻ നായർ പഠിപ്പിക്കേണ്ടെന്നും ചില സാഹിത്യകാരൻമാർ എം ടിയെ ചാരി ഷോ കാണിക്കുകയാണെന്ന് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. കേരള പ്രൈവറ്റ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരൻ.
എം ടിയെ ചാരി ചില സാഹിത്യകാരൻമാർ ഷോ കാണിക്കുകയാണ്. ചിലര്‍ക്ക് നേരിയ ഇളക്കമാണ്. നേരിട്ട് പറയാതെ എംടിയെ ഏറ്റുപറയുന്നത് ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു. എം ടിക്കു പിന്നാലെ എം മുകുന്ദനും വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജി സുധാകരന്റെ വിമർശനം.
എത്ര വലിയ ആൾ ആണെങ്കിലും എം ടി വാസുദേവൻ നായർ പറഞ്ഞതുകൊണ്ട് ഞങ്ങളും പറയുന്നു എന്ന മട്ടിൽ പ്രതികരിച്ച സാഹിത്യകാരന്മാർ ഭീരുത്വമാണ് കാണിച്ചത്. ഇടതുപക്ഷം ജനകീയ പ്രശ്നങ്ങളിൽ എടുത്തിട്ടുള്ള ചരിത്രപരമായ നിലപാടുണ്ട്. പ്രതിപക്ഷത്തായിരുന്നാലും ഭരണത്തിൽ ആയിരുന്നാലും അവകാശങ്ങൾ നേടാൻ പ്രക്ഷോഭം നടത്തും. സമരവും ഭരണവും ഇഎംഎസ് പറഞ്ഞതാണ്. അതൊക്കെ എല്ലാവരും മറന്നുപോയോ?. ഭരണം കൊണ്ടുമാത്രം ജനകീയ പ്രശ്നങ്ങൾ തീരില്ല എന്നാണ് ഇഎംഎസ് പറഞ്ഞതിന്റെ അർഥം. അത് മാർക്സിസം ആണ്. പഠിച്ചവർക്കേ അറിയൂ. വായിച്ചു പഠിക്കണം- ജി സുധാകരൻ പറഞ്ഞു.