Share this Article
image
കേന്ദ്ര അവഗണയ്‌ക്കെതിരെ ഇരമ്പുന്ന പ്രതിഷേധമായി DYFI മനുഷ്യചങ്ങല; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അണിചേർന്ന് ലക്ഷങ്ങൾ
വെബ് ടീം
posted on 20-01-2024
1 min read
DYFI organized human chain against central government policies

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ നയങ്ങൾക്ക് എതിരെ സംസ്ഥാന വ്യാപകമായി ഡിവൈഎഫ്ഐ  മനുഷ്യച്ചങ്ങല തീർത്തു. രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ  ലക്ഷക്കണക്കിന് ജനങ്ങളാണു  കാസർകോട് മുതൽ തിരുവനന്തപുരം വരെ മനുഷ്യചങ്ങലയിൽ അണിനിരന്നത്. സ്ത്രീകളും കുട്ടികളും അടക്കം വലിയ ജനപ്രവാഹം മനുഷ്യചങ്ങലയിൽ പങ്കെടുത്തു.

കാസർകോട് റെയിൽവേ സ്റ്റേഷനു മുന്നിൽനിന്നു തുടങ്ങിയ മനുഷ്യച്ചങ്ങല തിരുവനന്തപുരം രാജ്ഭവൻ വരെയാണു നീണ്ടത്. കാസർകോട് റെയിൽവേ സ്റ്റേഷനു മുന്നിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്റ് പി.കെ.ശ്രീമതി മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ.റഹീം എംപിയാണു മനുഷ്യച്ചങ്ങലയുടെ ആദ്യ കണ്ണിയായത്. ഡിവൈഎഫ്ഐയുടെ ആദ്യ പ്രസിഡന്റും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജൻ രാജ്ഭവന് മുന്നിൽ അവസാന കണ്ണിയായി. മുഖ്യമന്ത്രിയുടെ ഭാര്യ കമലയും മകൾ വീണയും തലസ്ഥാനത്ത് മനുഷ്യചങ്ങലയിൽ കണ്ണിയായി.

റെയിൽവേ യാത്രാ ദുരിതം, സിൽവർ ലൈനിന് കേന്ദ്ര അനുമതി ലഭിക്കാത്തത് തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഉന്നയിച്ചാണു ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല തീർക്കുന്നത്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, വയനാട് ഒഴികെയുള്ള മറ്റു ജില്ലകളിലാണു മനുഷ്യചങ്ങല തീർത്തത്. വയനാട്ടിൽ കൽപറ്റ മുതൽ മുട്ടിൽ വരെ 10 കിലോമീറ്റർ ഉപചങ്ങലയും തീർത്തു. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലയിലെ പ്രവർത്തകർ സമീപജില്ലകളിലെ ചങ്ങലയിൽ പങ്കാളികളായി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories