കൊച്ചി: അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ദിവസത്തിൽ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പങ്കുവെച്ചു പ്രമുഖ താരങ്ങള്‍. നടിമാരായ റിമ കല്ലിങ്കല്‍, പാര്‍വതി തിരുവോത്ത്, രശ്മി സതീഷ്, സംവിധായകന്‍ ആഷിഖ് അബു തുടങ്ങിയവരാണ് 'ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് സെക്യുലർ ഡെമോക്രാറ്റിക് റിപ്പബ്ലിക്കായി രൂപീകരിക്കാനും അതിലെ എല്ലാ പൗരന്മാർക്കും സുരക്ഷിതമാക്കാനും ഇന്ത്യൻ ജനതയായ ഞങ്ങൾ ദൃഢനിശ്ചയം ചെയ്തു,' എന്ന് തുടങ്ങുന്ന ഭരണഘടനാ ആമുഖം പങ്കുവെച്ചത്. നീതി. സ്വാതന്ത്ര്യം. സമത്വം. സാഹോദര്യം എന്നാണ് പോസ്റ്റ് പങ്കുവെച്ച റിമ കുറിച്ചത്. നമ്മുടെ ഇന്ത്യ എന്നാണു പാര്‍വതി കുറിച്ചത്. ഇന്ത്യ, പരമാധികാര സോഷ്യലിസ്റ്റ് സെക്കുലർ ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്നാണു ആഷിഖ് അബു കുറിച്ചത്.
അതേസമയം ഉച്ചക്ക് 12: 30 അയോധ്യയിലെ പ്രാണ പ്രതിഷ്ഠ നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യ യജമാനനായ ചടങ്ങില്‍ കാശിയിലെ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിതാണ് മുഖ്യ കാര്‍മികത്വം വഹിച്ചത്. ഇടത് കൈയിൽ അമ്പും വലത് കൈയിൽ വില്ലുമായി സർവാഭരണ ഭൂഷിതനായ രാംലല്ലയെ പ്രധാനമന്ത്രി നമസ്കരിച്ച് പുഷ്പാര്‍ച്ച നടത്തി. വായുസേനയുടെ ഹെലികോപ്റ്ററുകള്‍ അയോധ്യയില്‍ പുഷ്പവൃഷ്ടി നടത്തി. പ്രധാനമന്ത്രിക്ക് പുറമെ മോഹന്‍ ഭാഗവത്, യോഗി ആദിത്യനാഥ്, ആനന്ദിബെന്‍ പട്ടേല്‍, ക്ഷേത്രട്രസ്റ്റ് അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസും അംഗങ്ങളും ഗര്‍ഭഗൃഹത്തില്‍ പ്രവേശിച്ചിരുന്നു. 11.30 ഓടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. 12 മണി കഴിഞ്ഞ് 29 മിനിറ്റ് 8 സെക്കന്റിനും 12 മണി കഴിഞ്ഞ് 30 മിനിറ്റ് 32 സെക്കന്റിനും ഇടയിലാണ് പ്രാണപ്രതിഷ്ഠ നടന്നത്.