ലക്‌നൗ: മൊബൈല്‍ ഫോണില്‍ കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരുന്ന അഞ്ചുവയസ്സുകാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലെ ഹസന്‍പൂര്‍ കോട്വാലിയിലെ ഹതായ്‌ഖേഡയിലാണ് സംഭവം. കാമിനി എന്ന കുട്ടിയാണ് മരിച്ചത്.
ഫോണുമായി അമ്മയുടെ അരികില്‍ കട്ടിലില്‍ കിടക്കുകയായിരുന്നു കാമിനി പെട്ടെന്ന് ഫോണ്‍ കൈയില്‍ നിന്ന് വീഴുകയും ബോധരഹിതയാവുകയുമായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലമാകാം പെണ്‍കുട്ടി മരിച്ചതെന്ന് ഹസന്‍പൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഇന്‍ചാര്‍ജ് ഡോ ധ്രുവേന്ദ്ര കുമാര്‍ പറഞ്ഞു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വിട്ടുനല്‍കാന്‍ ഞങ്ങള്‍ കുടുംബത്തോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ സമ്മതിച്ചില്ലെന്ന് അംറോഹ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സത്യപാല്‍ സിങ് പറഞ്ഞു. കുട്ടിമരിച്ചത് ഹൃദയാഘാതം മൂലമാണോ അതോ മറ്റെന്തെങ്കിലും അസുഖം മൂലമാണോ എന്നത് അന്വേഷിക്കേണ്ട വിഷയമാണെന്നും ഡോ. സത്യപാല്‍ സിങ് പറഞ്ഞു.
നേരത്തെ അംറോഹ, ബിജ്‌നോര്‍ ജില്ലകളിലായി പത്തിലേറെ കുട്ടികളും യുവതീ-യുവാക്കളും സമാനരീതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു.