ഹരിദ്വാർ: കാൻസർ ഭേദമാകാൻ ഗംഗയിൽ മുക്കിയാൽ മതിയെന്ന് വിശ്വസിച്ച് ഒന്നിലധികം തവണ വെള്ളത്തിൽ മുക്കിയ അഞ്ചു വയസുകാരന് ദാരുണാന്ത്യം. കുട്ടിയെ ഗംഗയിലെ വെള്ളത്തിൽ മുക്കിയ ശേഷം കരയിൽ കിടത്തി അമ്മയുടെ എഴുന്നേൽക്കും എഴുന്നേൽക്കും എന്ന വലിയ വിളി കേട്ടെത്തിയ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഡൽഹിയിൽ നിന്നുള്ള കുടുംബമാണ് ഗംഗാതീരത്ത് എത്തിയത്. രക്താർബുദത്തിന് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരന്റെ അസുഖം ഗംഗാസ്നാനം കൊണ്ട് മാറുമെന്നാണ് മാതാപിതാക്കൾ വിശ്വസിച്ചിരുന്നത്. ഇങ്ങനെ ചെയ്താൽ അസുഖം മാറുമെന്ന് ചില ബന്ധുക്കൾ പറഞ്ഞതിനെ തുടർന്നാണിവർ ഗംഗാതീരത്ത് എത്തിയതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ഹരിദ്വാറിലെ ഹർ കി പുരിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം.
ചികിത്സിച്ചിരുന്ന ഡോക്ടർമാർ പ്രതീക്ഷ നഷ്ടപ്പെട്ടതായി സംസാരിച്ചിരുന്നു. തുടർന്നാണ്, എങ്ങനെയും അസുഖം മാറ്റാൻ കുട്ടിയെ ഗംഗയിൽ മുക്കാൻ മാതാപിതാക്കൾ തീരുമാനിച്ചത്. ഗംഗയിൽ മുക്കിയ ശേഷം കുട്ടിയുടെ മൃതദേഹത്തിനരികെ മാതാവ് ഇരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ‘കുട്ടി ഉടൻ തന്നെ എഴുന്നേൽക്കും, അത് എന്റെ ഉറപ്പാണ്’ എന്ന് മാതാവ് സംസാരിക്കുന്നതും വിഡിയോയിൽ കാണാം. ഈ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
അതേ സമയം കുട്ടിയുടെ 'അമ്മ അറസ്റ്റിലായതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്