Share this Article
ഗവര്‍ണര്‍ക്ക് ഇനി കേന്ദ്രസുരക്ഷ; സുരക്ഷ ഒരുക്കാൻ സിആര്‍പിഎഫ്
വെബ് ടീം
posted on 27-01-2024
1 min read
governor-now-has-central-security

ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സിആര്‍പിഎഫ് സെഡ് പ്ലസ് സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. ഇന്ന് ഗവര്‍ണര്‍ക്കെതിരെ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. കേരള ഗവര്‍ണര്‍ക്കും രാജ് ഭവനും സെഡ് കാറ്റഗറിയിലുള്ള സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയതായി ഗവര്‍ണര്‍ പറഞ്ഞു. സിആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കുക

എസ്എഫ്‌ഐ പ്രതിഷേധത്തിനെതിരെ സ്വീകരിച്ച നിലപാടില്‍ പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സെക്രട്ടറിയോട് പരാതിപ്പെട്ട ഗവര്‍ണര്‍, പ്രധാനമന്ത്രിയെ വിളിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷാ, ഉപരാഷ്ട്രപതി എന്നിവര്‍ ഗവര്‍ണറെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കുകയും ചെയ്തിരുന്നു.

എസ്എഫ്‌ഐ പ്രതിഷേധത്തിന് പിന്നാലെ, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍ സമരം അവസാനിപ്പിച്ചു. എഫ്‌ഐആറിന്റെ പകര്‍പ്പ് കൈയില്‍ കിട്ടിയ ശേഷമാണ് രണ്ടുമണിക്കൂര്‍ നേരം നീണ്ട കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്. റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊട്ടാരക്കരയിലെ സദാനന്ദ ആശ്രമത്തില്‍ പരിപാടിക്കായി ഗവര്‍ണര്‍ പോകുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍.

ആക്രമികള്‍ക്ക് ഒത്താശ ചെയ്യുന്നത് മുഖ്യമന്ത്രിയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പ്രതിഷേധിക്കുന്നത് മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരാണ്. കരിങ്കൊടി കാണിക്കുന്നത് താന്‍ കാര്യമാക്കുന്നില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ പ്രതിഷേധക്കാര്‍ തന്റെ കാറില്‍ അടിച്ചെന്നും ഇനിയും ഈ രീതി തുടര്‍ന്നാല്‍ കാറിന് പുറത്തിറങ്ങി പ്രതിഷേധിക്കുമെന്നും പറഞ്ഞു.ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് കടുത്ത വകുപ്പുകളാണ് ചുമത്തിയത്. ഗവര്‍ണര്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കുന്ന ഐപിസി 124 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കൊല്ലം ജില്ലാ സെക്രട്ടറി ഉള്‍പ്പടെ 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. ഗവര്‍ണറുടെ വാഹനം തടഞ്ഞു, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതുള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്നും എഫ്‌ഐആറില്‍ പറയുന്നു.

പ്രതിഷേധത്തിനിടെ കാറില്‍നിന്നിറങ്ങിയ ഗവര്‍ണര്‍, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരേ ക്ഷുഭിതനായി പാഞ്ഞടുത്തു. പൊലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു. വാഹനത്തില്‍ തിരിച്ചുകയറാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍ റോഡിനു സമീപത്തെ ചായക്കടയുടെ മുന്നില്‍ കസേരിയിട്ടിരുന്ന് പ്രതിഷേധിച്ചു. കരിങ്കൊടി കാണിക്കുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരെ കരുതല്‍ കസ്റ്റഡിയില്‍ എടുത്തില്ലെന്ന് പൊലീസിനോട് ചോദിച്ചു.സംസ്ഥാന പൊലീസ് മേധാവി ഗവര്‍ണറെ നേരിട്ട് ഫോണില്‍ വിളിച്ച് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുവെന്നു പറഞ്ഞിട്ടും ചെവിക്കൊള്ളാന്‍ ഗവര്‍ണര്‍ തയാറായില്ല. ഒടുവില്‍ എഫ്‌ഐആറിന്റെ പകര്‍പ്പ് ചടയമംഗലം പൊലീസ് എത്തിച്ചതിനു പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

എസ്‌ഐഐആറിലെ വിവരങ്ങള്‍ സ്റ്റാംഫംഗം ഗവര്‍ണറെ വായിച്ചു കേള്‍പ്പിക്കുയും ചെയ്തു. അമ്പതിലധികം പേരുണ്ടായിരുന്നു എന്നത് നേരില്‍ കണ്ടതാണെന്നും എന്നാല്‍ 17 പേര്‍ക്കെതിരെ കേസെടുത്തത് തല്‍ക്കാലം അംഗീകരിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.മുഖ്യമന്ത്രി പോയാല്‍ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും പൊലീസ് തന്നെ നിയമം ലംഘിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സെക്രട്ടറിയോട് പരാതിപ്പെട്ട ഗവര്‍ണര്‍, പ്രധാനമന്ത്രിയെ വിളിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories