കൊച്ചി: ചെറുകിട കേബിള്‍ ടിവി-ബ്രോഡ്ബാൻഡ് മേഖലയെ തകര്‍ക്കുന്ന കെഎസ്ഇബി നിലപാടിനെതിരെ ശക്തമായ സമരങ്ങള്‍ക്ക് സിഒഎ സംസ്ഥാന കമ്മിറ്റി തീരുമാനം. ജനുവരി 31 കരിദിനമായി ആചരിക്കാനും ജില്ലകള്‍ കേന്ദ്രീകരിച്ച് കെഎസ്ഇബി ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്താനും സിഒഎ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
കേബിള്‍ ടിവി ബ്രോഡ്ബാന്‍ഡ് ആവശ്യത്തിനായി ഉപയോഗിക്കുന്ന വൈദ്യുത പോസ്റ്റില്‍ ഒന്നില്‍ കൂടുതല്‍ കേബിളുകള്‍ വലിച്ചാല്‍ ഓരോ കേബിളിനും പ്രത്യേകം വാടക ഈടാക്കാനാണ് കെഎസ്ഇബി തീരുമാനം. വാടക ഇല്ലെങ്കില്‍ കേബിളുകള്‍ അഴിച്ചുമാറ്റും എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ നടപടി കേരളവിഷന്‍ പോലുള്ള ചെറുകിട കേബിള്‍ - ബ്രോഡ്ബാന്‍ഡ് ഓപ്പറേറ്റര്‍മാരെ തകര്‍ക്കുമെന്ന് സിഒഎ ചൂണ്ടിക്കാണിക്കുന്നു. ഈ തീരുമാനം നടപ്പിലാക്കിയാല്‍ കേരളത്തിലെ ഭൂരിപക്ഷം വീടുകളിലും സ്ഥാപനങ്ങളിലും കേബിള്‍ ടിവി, ഇന്റര്‍നെറ്റ് സര്‍വ്വീസ് തടസ്സപ്പെടുമെന്നുറപ്പാണ്. ഇതിന്റെ ഗുണം ലഭിക്കുക ജിയൊ പോലുള്ള വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കാണ്. ചില വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളെ സഹായിക്കുക എന്ന ലക്ഷ്യമാണ് ഉദ്യോഗസ്ഥര്‍ക്കെന്നും സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.
ഇന്റര്‍നെറ്റ് വ്യാപനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഉപയോഗിക്കുന്ന പോസ്റ്റുകളുടെ വാടക 100 രൂപയായി നിജപ്പെടുത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി അനുകൂല നിലപാടിനായി കാത്തിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ കെഎസ്ഇബി സ്വീകരിക്കുന്ന നടപടികളെ സംശയത്തോടെ മാത്രമേ നിരീക്ഷിക്കുവാന്‍ സാധിക്കുകയുള്ളുവെന്നും സിഒഎ സംസ്ഥാന കമ്മിറ്റി അറിയിച്ചു. കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അബൂബക്കര്‍ സിദ്ദിഖ്, ജനറല്‍ സെക്രട്ടറി കെ വി രാജന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി എസ് രജനീഷ് എന്നിവര്‍ പങ്കെടുത്തു.