ന്യൂഡൽഹി: വിദ്യാർഥി സംഘടനയായിരുന്ന സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) നിരോധനം അഞ്ചുവർത്തേക്ക് കൂടി നീട്ടി. യു.എ.പി.എ. നിയമപ്രകാരമുള്ള നിരോധനമാണ് നീട്ടിയത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ ഭീകരവാദം വളർത്തുകയും സമാധാനത്തിനും സാമുദായിക സൗഹാർദ്ദത്തിനും ഭംഗം വരുത്തുകയും ചെയ്യുന്നതിൽ സിമിക്ക് പങ്കുള്ളതായി ആഭ്യന്തര മന്ത്രി അമിത് ഷാ എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചു.
2001-ലാണ് ആദ്യമായി സിമി രാജ്യത്ത് നിരോധിക്കുന്നത്. പിന്നീട് നിരോധനം നീട്ടിക്കൊണ്ടുപോയി. 2008-ൽ സിമി നിരോധനം സ്പെഷ്യൽ ട്രിബ്യൂണൽ നീക്കിയെങ്കിലും ചീഫ് ജസ്റ്റിസായിരുന്ന കെ.ജി. ബാലകൃഷ്ണൻ വീണ്ടും സിമിയ്ക്ക് നിരോധനം ഏർപ്പെടുത്തുകയായിരുന്നു. 2019-ൽ സർക്കാർ വീണ്ടും അഞ്ചുവർഷത്തേക്ക് നിരോധനം നീട്ടി.