ബെലഗാവി: ഒളിച്ചോടിയ യുവതിയെയും 21 കാരനായ കാമുകനെയും ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കർണാടകയിലെ ബെലഗാവി ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. 19 കാരിയായ ഹിന മെഹബൂബ്, കാമുകൻ 21 കാരനായ യാസിൻ ആദം എന്നിവരാണ് കൊല്ലപ്പെട്ടത്. കോക്കാട്ടന്നൂർ സ്വദേശി തൗഫീഖ് ഷൗക്കത്താണ് ഇരുവരെയും കൊലപ്പെടുത്തിയത്.
നാല് മാസം മുമ്പാണ് ഹിനയും തൗഫീഖും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരും ദർഗ സന്ദർശിക്കാൻ ടാക്‌സി കാർ വാടകയ്ക്കടുത്തിരുന്നു. കാറിന്റെ ഡ്രൈവറായിരുന്നു യാസിൻ. ഒരു ദിവസത്തെ പരിചയം കൊണ്ടു പെൺകുട്ടി യാസിനുമായി പ്രണയത്തിലാവുകയായിരുന്നു. പിന്നീട് ഭർത്താവിനെ ഉപേക്ഷിച്ച് യുവാവിനൊപ്പം ഒളിച്ചോടി.
കൊക്കട്ടന്നൂരിലെ ഫാം ഹൗസിലാണ് ഇരുവരും താമസം തുടങ്ങിയത്. ഒളിച്ചോടിയതറിഞ്ഞ് പ്രകോപിതനായ തൗഫീഖ് ചൊവ്വാഴ്ച വൈകീട്ട് ഇവരുടെ ഫാം ഹൗസിലെത്തി. തൗഫീഖിനെ കണ്ട് വീടിന്നകത്തേക്ക് ഓടാൻ ശ്രമിക്കുന്നതിനിടെ ഹിനയെ വെട്ടിക്കൊലപ്പെടുത്തി. പിന്നീട് യാസീനെയും കൊലപ്പെടുത്തി. തടയാൻ ശ്രമിച്ച ഹിനയുടെ മാതാപിതാക്കളെയും തൗഫീഖ് ആക്രമിച്ചു. പരിക്കേറ്റവർ മഹാരാഷ്ട്രയിലെ മിറാജിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കൊലയ്ക്ക് ശേഷം പ്രതി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാൻ പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.