ന്യൂഡല്‍ഹി: അമേരിക്കയില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൂടി മരിച്ചനിലയില്‍. ഈ വര്‍ഷത്തെ സമാനമായ അഞ്ചാമത്തെ കേസാണിത്. ഇന്ത്യാനയിലെ പര്‍ഡ്യൂ സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയായ സമീര്‍ കാമത്തിനെയാണ് ഒടുവില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ചയാണ് സംഭവം. നേച്ചര്‍ റിസര്‍വിലാണ് 23കാരന്റെ മൃതദേഹം കണ്ടെത്തിയത്. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം പാസായ സമീര്‍, പര്‍ഡ്യൂ സര്‍വകലാശാലയില്‍ ഗവേഷണ പഠനം നടത്തി വരികയായിരുന്നു. 2025ല്‍ പഠനം പൂര്‍ത്തിയാകാനിരിക്കേയാണ് മരണം സംഭവിച്ചത്. പഠനത്തിനിടെ അമേരിക്കന്‍ പൗരത്വം ലഭിച്ച സമീര്‍ കാമത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടത്തും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.
പര്‍ഡ്യു സര്‍വകലാശാലയില്‍ ഇത് രണ്ടാമത്തെ സംഭവമാണ്. നേരത്തെ മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ഥിയെയും ദിവസങ്ങള്‍ക്ക് മുന്‍പ് മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. മകനെ കാണാനില്ല എന്ന് കാട്ടി അമ്മ പരാതി നല്‍കിയതിന് പിന്നാലെയാണ് കോളജ് ക്യാമ്പസില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥി നീല്‍ ആചാര്യയുടെ മൃതദേഹം കണ്ടെത്തിയത്.