ഡെറാഡൂൺ: രാജ്യത്ത് ഏക സിവില്‍ കോഡ് ബിൽ പാസാക്കുന്ന ആദ്യസംസ്ഥാനമായി ഉത്തരാഖണ്ഡ്. ഉത്തരാഖണ്ഡ് നിയമസഭയാണ് ബിൽ പാസാക്കിയത്. വിദഗ്ധ സമിതി റിപ്പോർട്ടിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയിതിനു പിന്നാലെയാണ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ഏകസിവിൽ കോഡ് ബിൽ പാസാക്കിയത്.
ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനുള്ള കരട് റിപ്പോർട്ട് സർക്കാർ നിയോഗിച്ച സമിതി നേരത്തേ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിക്ക് കൈമാറിയിരുന്നു. സുപ്രീംകോടതി മുൻ ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്. ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്നത് 2022ലെ തിരഞ്ഞെടുപ്പു പ്രകടനപത്രികയിൽ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. സർക്കാർ അധികാരമേറ്റതിനു പിന്നാലെ ഇതിനായി പ്രത്യേകം സമിതിയെ നിയോഗിക്കുകയും ചെയ്തു.
ഗോവയിൽ പോർച്ചുഗീസ് ഭരണകാലം മുതൽക്കുതന്നെ ഏക സിവിൽ കോഡ് നിലവിലുണ്ട്. വിവാഹമോചനം, പൈതൃകസ്വത്ത് കൈമാറ്റം തുടങ്ങിയ കാര്യങ്ങളിലെല്ലാം ജാതി, മത, സാമുദായിക വേർതിരിവില്ലാതെ എല്ലാ പൗരന്മാർക്കും ഒരേ രീതിയിൽ നിയമം ബാധകമാവുന്ന സംവിധാനമാണ് ഏക സിവിൽ കോഡ്