മോസ്കോ: റഷ്യൻ പ്രതിപക്ഷനേതാവും പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ നിരന്തര വിമർശകനുമായ അലക്സി നവൽനി(48) അന്തരിച്ചു. 19 വർഷത്തെ ജയിൽശിക്ഷ അനുഭവിക്കുകയായിരുന്നു അദ്ദേഹം. ആർക്ടിക് പ്രിസൺ കോളനിയിലായിരുന്നു ജയിൽ വാസം. നടന്നുകൊണ്ടിരിക്കെ ബോധം നഷ്ടപ്പെട്ട് വീഴുകയായിരുന്നുവെന്നും മെഡിക്കൽ സംഘമെത്തി അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. മരണകാരണം എന്താണെന്ന് പരിശോധിക്കുകയാണെന്നും ജയിൽ വകുപ്പ് കുറിപ്പിലൂടെ അറിയിച്ചു. ഭാര്യ യുലിയ. രണ്ടു മക്കൾ.
1976 ജൂൺ 4ന് ജനിച്ച നവൽനി റഷ്യൻ പ്രതിപക്ഷത്തിന്റെ കരുത്തനായ നേതാവും പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ മുഖ്യ രാഷ്‌ട്രീയ പ്രതിയോഗിയുമാണ്. 2021 ഫെബ്രുവരിയിൽ അറസ്റ്റിലായ അദ്ദേഹം വിവിധ കേസുകളുടെ പേരിൽ, മോസ്കോയിൽനിന്ന് 235 കിലോമീറ്റർ അകലെ മെലെഖോവിൽ തടവിൽ കഴിയുകയാണ്. അഴിമതിവിരുദ്ധപോരാട്ടത്തിലൂടെ റഷ്യയിൽ ലക്ഷക്കണക്കിന് അനുയായികളെ സൃഷ്ടിച്ച അദ്ദേഹത്തെ ‘പുട്ടിൻ ഏറ്റവും ഭയക്കുന്ന ആൾ’ എന്നാണ് വാൾ സ്ട്രീറ്റ് ജേണൽ വിശേഷിപ്പിച്ചത്.