Share this Article
''ഇക്കാലത്ത് ഇങ്ങനെയൊക്കെ നടക്കുമോ'',യുവതിക്ക് കിട്ടിയ കുറിപ്പ്! ലണ്ടനിൽ പോയി വന്ന ശേഷം നേരിട്ട ഗാർഹിക പീഡനം
വെബ് ടീം
posted on 23-02-2024
1 min read
HC  SHOCKED AFTER WOMEN SAYS ABOUT DOMOSTIC VIOLENCE

കൊച്ചി:''ഇക്കാലത്ത് ഇങ്ങനെയൊക്കെ നടക്കുമോ'',താൻ നേരിട്ട,അനുഭവിച്ചുകൊണ്ടിരിക്കുന്ന ഗാർഹിക പീഡനത്തെക്കുറിച്ചുള്ള കൊല്ലത്തെ യുവതിയുടെ വെളിപ്പെടുത്തലുകൾ കേട്ട ഹൈക്കോടതിയുടെ ചോദ്യം ഇങ്ങനെയായിരുന്നു. അത്രയ്ക്കും അമ്പരപ്പ് ഉണ്ടാകുന്ന കാര്യങ്ങളാണ് യുവതി അറിയിച്ചത്. യുവതിയുടെ അനുഭവം കേട്ട, ഹൈക്കോടതി ഇക്കാര്യത്തിൽ സർക്കാറിന്‍റെ വിശദീകരണത്തിനായി ഹർജി മാറ്റുകയും ചെയ്തു.

ആൺകുട്ടി ജനിക്കാൻ ഏത് സമയത്ത് ലൈംഗിക ബന്ധത്തിലേർപ്പെടണമെന്നതടക്കമുള്ള കാര്യങ്ങൾ ഭർതൃവീട്ടുകാർ തീരുമാനിക്കുന്നതടക്കമുള്ള പീഡനമാണ് കൊല്ലത്തെ യുവതി നേരിട്ടത്. ആൺകുട്ടി ജനിക്കാൻ വേണ്ടി ഇംഗ്ലിഷ് മാസികയിൽ പറയുന്ന സമയക്രമമാണ് ഭ‍ർതൃ വീട്ടുകാർ നൽകിയ കുറിപ്പിലുള്ളത്. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ച യുവതി നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഗർഭസ്ഥ ശിശുവിന്‍റെ ലിംഗ നിർണ്ണയം വിലക്കുന്ന നിയമ പ്രകാരം സാമൂഹ്യ കുടുംബ ക്ഷേമ ഡയറക്ടർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു. യുവതിയുടെ ഹർജി പരിഗണിച്ച ഹൈക്കോടതി സർക്കാറിനോട് റിപ്പോർട്ട് തേടി. സർക്കാരിന്‍റെ വിശദീകരണം കേട്ടശേഷം ഹർജി പരിഗണിക്കാമെന്നും കോടതി അറിയിച്ചു.

2012 ലായിരുന്നു മൂവാറ്റുപുഴ സ്വദേശിയുമായി ഹർജിക്കാരിയായ കൊല്ലം സ്വദേശിയുടെ വിവാഹം. വിവാഹ ശേഷം ഭർതൃവീട്ടിൽ വെച്ച് ഭർത്താവിന്‍റെ അച്ഛനും അമ്മായിയമ്മയും ചേർന്ന് ഒരു ഇംഗ്ളീഷ് മാസികയിലെ കുറിപ്പ് നൽകിയെന്നാണ് യുവതി പറയുന്നത്. നല്ല ആൺകുഞ്ഞ് ജനിക്കാൻ ഏത് സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. കുറിപ്പിനോട് തനിക്ക് വിയോജിപ്പ് ഉണ്ടായിരുന്നെങ്കിലും ദാമ്പത്യജീവിതം തകരാതിരിക്കാൻ പ്രതികരിച്ചില്ല. ഭർത്താവിനൊപ്പം പിന്നീട് ലണ്ടനിൽപോയ താൻ 2014 ൽ പെൺകുഞ്ഞിന് ജന്മം നൽകി.

എന്നാൽ തുടർന്നങ്ങോട്ട് വലിയ മാനസീക പീഡനം നേരിടേണ്ടിവന്നെന്നും പെൺകുട്ടിയായതിനാൽ ഭർത്താവ് യാതൊരു ഉത്തരവാദിത്തവും നിർവ്വഹിക്കുന്നില്ലെന്നും ഹർജിക്കാരി പറയുന്നു. പെൺകുട്ടികൾ ജനിക്കുന്നത് ധന നഷ്ടമാണെന്ന് ഭർതൃവീട്ടുകാർ നിരന്തരം പറഞ്ഞതായും യുവതി ആരോപിക്കുന്നു. തന്‍റെ പരാതി സാമൂഹ്യ കുടുംബ ക്ഷേമ ഡയറക്ടർക്ക് കൈമാറിയിരുന്നു. എന്നാൽ ഇതുവരെ നടപടി സ്വീകരിച്ചില്ല. ഗർഭസ്ഥ ശിശുവിന്‍റെ ലിംഗനിർണ്ണയം നടത്തുകയും ആൺകുട്ടിയെ ഗർഭം ധരിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നത് പെൺകുട്ടിയുടെ അവകാശങ്ങളും മാനുഷിക അന്തസ്സും ലംഘിക്കുന്നതാണ്, ഗർഭസ്ഥ ശിശുവിന്‍റെ ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കുന്നതാണ് ഇക്കാര്യത്തിൽ കോടതി ഇടപെടണമെന്നാണ് ഹർജിക്കാരി ആവശ്യപ്പെട്ടിട്ടുണ്ട്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories