Share this Article
image
കർണാടകയിൽ അട്ടിമറിയില്ല, കോൺ​ഗ്രസ് സ്ഥാനാർഥികൾക്ക് ജയം, JDS സ്ഥാനാർഥി തോറ്റു; ഹിമാചലിൽ അട്ടിമറി?, ബിജെപിയ്ക്ക് ജയമെന്ന് അവകാശവാദം, രാഷ്ട്രീയ പ്രതിസന്ധി
വെബ് ടീം
posted on 27-02-2024
1 min read
rajya-sabha-election-congress-wins-three-seats-in-karnataka-bjp-bags-one

ബംഗളൂരു: കര്‍ണാടകയില്‍ നാലു രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നിടത്ത് വിജയിച്ചു. ഒരു സീറ്റില്‍ ബിജെപിയാണ് ജയിച്ചത്. അട്ടിമറി നീക്കം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നിര്‍ത്തിയ ജെഡിഎസ് സ്ഥാനാര്‍ത്ഥി കുപേന്ദ്ര റെഡ്ഡി പരാജയപ്പെട്ടു.

കോണ്‍ഗ്രസ് നേതാക്കളായ അജയ് മാക്കന്‍, ഡോ. സയ്യദ് നസീര്‍ ഹുസൈന്‍, ജിസി ചന്ദ്രശേഖര്‍ എന്നിവരാണ് വിജയിച്ചത്. യഥാക്രമം 47, 46, 46 വോട്ടുകള്‍ നേടിയാണ് ഇവരുടെ ജയം. ബിജെപി സ്ഥാനാർഥി നാരായൺ ഭണ്ഡാ​ഗെയാണ് വിജയിച്ച ബിജെപി സ്ഥാനാർഥി. ഇത് കോണ്‍ഗ്രസിന്റെ ഐക്യവും കെട്ടുറപ്പുമാണ് കാണിക്കുന്നതെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞു.

'എല്ലാ എംഎല്‍എമാര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദി. എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും വിജയിച്ച വിവരം അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരോടും നന്ദി പറയുന്നു.' ഡി കെ ശിവകുമാര്‍ പറഞ്ഞു.

15 സംസ്ഥാനങ്ങളിലായി 56 രാജ്യസഭ സീറ്റുകളിലാണ് ഒഴിവുവന്നത്. ഇതില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി, ബിജെപി ദേശീയ പ്രസിഡന്റ് ജെപി നഡ്ഡ എന്നിവരടക്കം 41 പേര്‍ എതിരില്ലാതെയാണ് വിജയിച്ചത്.

കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, എല്‍ മുരുഗന്‍, കോണ്‍ഗ്രസ് വിട്ട് അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ എന്നിവര്‍ എതിരില്ലാതെ വിജയിച്ചവരില്‍ ഉള്‍പ്പെടുന്നു. 

അതേ സമയം ഹിമാചലിൽ ബിജെപിയ്ക്ക് അട്ടിമറി ജയമെന്നാണ് റിപ്പോർട്ട്. നറുക്കെടുപ്പിലൂടെ ബിജെപി സ്ഥാനാർഥി ഹർഷ് മഹാജൻ ജയിച്ചെന്ന് റിപ്പോർട്ട്.ഹർഷിനും കോൺഗ്രസ് സ്ഥാനാർഥി മനു അഭിഷേക് സിംഗ് വിയ്ക്കും കിട്ടിയത് 34 വോട്ട്. ഉത്തേരന്ത്യയിലെ ഏക കോൺഗ്രസ് സർക്കാർ  ഇതോടെ പ്രതിസന്ധിയിലായി.ആറു കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടുപോയെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിങ് സുഖു ആരോപിച്ചു. ഹരിയാനയിലേക്കാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. സംസ്ഥാന പൊലീസിന്റേയും സിആര്‍പിഎഫിന്റേയും അകമ്പടിയോടെയാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടുപോയതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

രാജ്യസഭ തെരഞ്ഞെടുപ്പില്‍ ആറു കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് സ്വതന്ത്രന്മാരും ബിജെപിക്ക് വേണ്ടി ക്രോസ് വോട്ടിങ് നടത്തി എന്ന സൂചനകള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ ആരോപണം. നേരത്തെ ഹിമാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായതായി ബിജെപി അവകാശവാദം ഉന്നയിച്ചിരുന്നു.പുതിയ സാഹചര്യത്തില്‍ സുഖു സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണ് ബിജെപി. വ്യാഴാഴ്ച അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിലവില്‍ 68 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 40 എംഎല്‍എമാരാണുള്ളത്.

സമാജ്‌വാദി പാര്‍ട്ടിയുടെ പരാതിയെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ വോട്ടെണ്ണല്‍ ആരംഭിച്ചിട്ടില്ല. എസ്.പിയുടെ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീര്‍പ്പ് വൈകുന്നതിനാലാണിത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories