തിരുവനന്തപുരം: തന്നെ രൂക്ഷമായി വിമര്‍ശിച്ച യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍മാങ്കൂട്ടത്തിനെതിരേ കേസ് കൊടുക്കുമെന്ന് പത്മജ. കരുണാകരന്റെ മകളല്ലെന്ന് പറഞ്ഞതോടെ എന്റെ അമ്മയെയാണ് പറഞ്ഞത്. മാത്രമല്ല വഴിയില്‍ തടയുമെന്നൊക്കെ പറഞ്ഞു. അതുകൊണ്ടൊന്നും പേടിക്കുന്ന ആളല്ല താനല്ലെന്നും പരാക്രമം സ്ത്രീകളോട് വേണ്ടെന്നും പത്മജ പറഞ്ഞു. ബിജെപി അംഗത്വമെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരന്നു പത്മജ.
കരിങ്കാലിയുടെ മകളെന്നും കൊലപാതകിയുടെ മകളെന്നുമെല്ലാം കേട്ട് വളര്‍ന്നവളാണ് താന്‍. ഇന്ന് പറയുന്നത് നാളെ പറയുന്ന ആളല്ല മുരളീധരനെന്നും ചേട്ടന്റെ വിമര്‍ശനത്തെ ഗൗരവമായി കാണുന്നില്ലന്നും പത്മജ പറഞ്ഞു. പലരും പാര്‍ട്ടിവിട്ട് പോയപ്പോള്‍ കോണ്‍ഗ്രസുകാരിയായി ഉറച്ച് നിന്ന ആളാണ് ഞാന്‍. വ്യക്തി ജീവിതത്തേയും രാഷ്ട്രീയ ജീവിതത്തേയും രണ്ടായി കാണണമെന്നാണ് ആഗ്രഹമെന്നും അവര്‍ പറഞ്ഞു.