ബംഗളൂരു: ഉസ്ബെകിസ്താൻ സ്വദേശിനി ബംഗളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ചതുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിൽ. ഹോട്ടൽ ജീവനക്കാരായ റോബർട്ട്, അമൃത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും അസമീസ് സ്വദേശികളാണ്. ബുധനാഴ്ചയാണ് ഉസ്ബെകിസ്താൻ സ്വദേശിയായ സെറീനയെ(27) ബംഗളൂരുവിലെ ജഗദീഷ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശ കറൻസിയും മൊബൈൽ ഫോണും കവരാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. കൃത്യം നടത്തിയ ശേഷം ഇരുവരും കേരളത്തിലേക്ക് കടക്കുകയായിരുന്നു.
വൃത്തിയാക്കാനാണ് റോബർട്ടും അമൃതും സെറീനയുടെ മുറിയിലെത്തിയത്. എന്നാൽ അനുവാദമില്ലാതെ മുറിയിൽ പ്രവേശിച്ചതിനെ സെറീന ചോദ്യം ചെയ്തു. ഇത് തർക്കത്തിൽ കലാശിക്കുകയും പ്രതികൾ സെറീനയെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഹോട്ടൽ മുറിയുടെ വാതിൽ പൂട്ടി പ്രതികൾ രക്ഷപ്പെട്ടു. സെറീനയുടെ കൈവശമുണ്ടായിരുന്ന 13,000 രൂപയും കുറച്ച് ഉസ്ബെക് കറൻസിയും മൊബൈൽ ഫോണും പ്രതികൾ കവർന്നു. അന്വേഷണത്തിനിടെ പുറത്തു നിന്ന് ആരും ഹോട്ടൽമുറിയിലെത്തിയിട്ടില്ലെന്ന് മനസിലായി. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്.