Share this Article
image
'ക്ഷണിച്ചു വരുത്തി അപമാനിക്കരുത്'- ജാസി ​ഗിഫ്റ്റിന്‍റെ ദുരനുഭവത്തിൽ ഖേദം രേഖപ്പെടുത്തി മന്ത്രി ബിന്ദു
വെബ് ടീം
posted on 16-03-2024
1 min read
minister-bindu-regretted-the-college-principal-insult-singer-jassie-gift

തിരുവനന്തപുരം: കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളജിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ ​ഗായകൻ ജാസി ​ഗിഫ്റ്റിന്‍റെ കൈയിൽ നിന്ന് മൈക്ക് പിടിച്ചു വാങ്ങിയ പ്രിൻസിപ്പലിന്‍റെ നടപടി വലിയ വിവാദമായിരുന്നു. സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഖേദം രേഖപ്പെടുത്തി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ ഖേദ പ്രകടനം.

മന്ത്രിയുടെ കുറിപ്പ്

'കലാകാരന്മാരെയും സാംസ്കാരിക നായകരേയും മറ്റും ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് ഒരു കലാലയത്തിനും ഭൂഷണമല്ല. മലയാളഗാനശാഖയിൽ നൂതനമായ ഒരു ധാരയ്ക്ക് രൂപം കൊടുത്ത ജാസി ഗിഫ്റ്റ് എന്ന അനുഗൃഹീത കലാകാരന് ഉണ്ടായ ദുരനുഭവത്തിൽ ഖേദം രേഖപ്പെടുത്തുന്നു.....'

വേദിയിൽ ജാസി ഗിഫ്റ്റും സംഘവും ഗാനം ആലപിക്കുന്നതിനിടയിൽ പ്രിൻസിപ്പൽ ബിനുജ ജോസഫ് എത്തി മൈക്ക് പിടിച്ചു വാങ്ങുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ജാസി ​ഗിഫ്റ്റ് വേദി വിട്ടു.കോളജ് ഡേയിൽ അതിഥിയായി എത്തിയ ജാസി ​ഗിഫ്റ്റ് പാട്ടു പാടുകയായിരുന്നു. അദ്ദേഹത്തിനൊപ്പം ​ഗായകൻ സജിൻ കോലഞ്ചേരിയും ഒപ്പമുണ്ടായിരുന്നു. ജാസി ​ഗിഫ്റ്റിന്‍റെ കൈയിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങിയ പ്രിൻസിപ്പൽ ജാസി ​ഗിഫ്റ്റിന് മാത്രമേ പാടാൻ അനുമതിയുള്ളൂ എന്ന് പറയുകയായിരുന്നു.

ജാസി ഗിഫ്റ്റ് മാത്രമേ പാടുകയുള്ളൂ എന്ന് അറിയിച്ചതിനാലാണ് പാടാൻ അനുവദിച്ചതെന്നും ഒപ്പം പാടാൻ എത്തിയ ആളെ ഒഴിവാക്കണമെന്നുമാണ് പറഞ്ഞത്. മൈക്ക് പിടിച്ച് വാങ്ങിയതോടെ പ്രിൻസിപ്പലിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങുകയായിരുന്നു.

സംഭവത്തിന്‍റെ വീഡിയോ പുറത്തു വന്നതോടെ പ്രിൻസിപ്പൽ ബിനുജ ജോസഫിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. വിളിച്ച് വരുത്തി അപമാനിക്കുന്നതുപോലെയാണ് എന്നാണ് വിമർശനം.

എന്നാൽ തന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് പ്രിൻസിപ്പൽ പറയുന്നത്. പുറത്ത് നിന്നുള്ള ആളുകളുടെ സംഗീത നിശ കോളജിനകത്ത് നടത്തുന്നതിനു നിയന്ത്രണങ്ങളുണ്ടെന്നും ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണു ചെയ്തതെന്നുമാണു വിശദീകരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories