തിരുവനന്തപുരം: മലയാളികളായ ഡോക്ടർ ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും അരുണാചല്‍ പ്രദേശിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ബ്ലാക്ക് മാജിക്കിന്റെ കെണിയില്‍ വീണെന്ന് സംശയം. മരിച്ച ദേവിയുടെ പിതാവ് ബാലന്‍ മാധവനാണ് ഇക്കാര്യം ബന്ധുവായ സൂര്യ കൃഷ്ണമൂര്‍ത്തിയോട് പറഞ്ഞത്. മൂവരും മികച്ച വിദ്യാഭ്യാസം തേടിയവരാണെന്നും മരണാനന്തരജീവിതം നല്ലതാകുമെന്ന് കരുതിയതുകൊണ്ടാവാം ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും സൂര്യ കൃഷ്ണമൂര്‍ത്തി മാധ്യമങ്ങളോട് പറഞ്ഞു. നവീനും ഭാര്യയും ബ്ലാക്ക് മാജിക്ക് ചെയ്തിരുന്നതായി സുഹൃത്തുക്കളും പറയുന്നു.
കോട്ടയം സ്വദേശികളായ ആയുര്‍വേദ ഡോക്ടര്‍മാരായ നവീന്‍ ഭാര്യ ദേവി ഇവരുടെ സുഹൃത്തായ തിരുവനന്തപുരം സ്വദേശിയായ ആര്യ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നവീന്റെയും ദേവിയുടെതും പ്രണയവിവാഹമായിരുന്നു. മരിച്ച ആര്യയുടെ വിവാഹം അടുത്ത മാസം നടക്കേണ്ടതുമായിരുന്നു. മരണവിവരം അറിഞ്ഞ് ദേവിയുടെ ബന്ധുക്കള്‍ അരുണാചലില്‍ എത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമെ മരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുയുള്ളു. കൂടാതെ മരണത്തിലേക്ക് നയിച്ച കൂടുതല്‍ കാരണങ്ങള്‍ കണ്ടെത്തുന്നതിനായി പൊലീസ് ഇവരുടെ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണുകള്‍ എന്നിവ പരിശോധിക്കും.
മാര്‍ച്ച് 26നാണ് ഇരുവരും അരുണാചലിലേക്ക് പോയത്. 27ാം തീയതി ആര്യയെ കാണാനില്ലെന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായിരുന്നു ആര്യ.
പൊലീസ് അന്വേഷണത്തില്‍ ആര്യയുടെ സുഹൃത്തായ ദേവിയും ഭര്‍ത്താവ് നവീനും ഒപ്പമുണ്ടെന്ന് മനസിലായിരുന്നു. വിമാന മാര്‍ഗം മൂവരും ഗുവാഹത്തിയിലേക്ക് പോയതായി കണ്ടെത്തിയിരുന്നു. നവീനും ദേവിയും ടൂര്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്. 28ാം തീയതി വീട്ടിലേക്ക് ഫോണ്‍ വിളിച്ച ഇവര്‍ ഉടന്‍ തിരിച്ചെത്തുമെന്നും അറിയിച്ചിരുന്നു,
എന്നാല്‍ ആര്യയുടെ തിരോധാനം അന്വേഷിച്ചപ്പോഴാണ് ഇവരും ഒപ്പം പോയതാണെന്ന് മനസിലായത്.ഇവര്‍ മരണാനന്തര ജീവിതത്തെ കുറിച്ചൊക്കെ ഇന്റര്‍നെറ്റില്‍ പരിശോധിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. ആര്യ ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ ദേവിയും മുന്‍പ് ജോലി ചെയ്തിരുന്നു. ജര്‍മ്മന്‍ ഭാഷ പഠിപ്പിച്ചിരുന്ന അധ്യാപികയായിരുന്നു ദേവി. ഇവര്‍ അടുത്ത സുഹൃത്തുക്കളുമായിരുന്നു.
ഇന്ന് രാവിലെയാണ് ഇറ്റാനഗര്‍ പൊലീസ് മരണവിവരം ബന്ധുക്കളെയും കേരള പൊലീസിനെയും അറിയിച്ചത്. മരിച്ചവരുടെ മുറിയില്‍ നിന്ന് ലഭിച്ച രേഖകള്‍ പ്രകാരമാണ് ഇറ്റാനഗര്‍ പൊലീസ് ആളുകളെ തിരിച്ചറിഞ്ഞത്.മൂവരും ശരീരത്തില്‍ വ്യത്യസ്തമായ മുറിവുകളുണ്ടാക്കിയെന്നാണ് വിവരം. മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സന്തോഷത്തോടെ ജീവിച്ചു. ഇനി പോകുന്നുവെന്നും എഴുതിവച്ച കുറിപ്പ് മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രമുഖ വൈല്‍ഡ് ലൈഫ് ഫോട്ടോ ഗ്രാഫര്‍ ബാലന്‍ മാധവന്റെ മകളാണ്.