മുംബൈ: പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ ഡോ. ആര്‍ ചിദംബരം(88) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുംബൈയിലെ ജാസ്ലോക് ആശുപത്രിയില്‍ പുലര്‍ച്ചെ 3.20നായിരുന്നു അന്ത്യം. 1974 ലും 1998 ലും ആണവ പരീക്ഷണങ്ങളില്‍ പ്രധാന പങ്കുവഹിച്ച മുതിര്‍ന്ന ശാസ്ത്രജ്ഞനായിരുന്നു.
ശാസ്ത്രജ്ഞനെന്ന നിലയില്‍ രാജ്യത്തിന് വേണ്ടി സുപ്രധാന സേവനമനുഷ്ടിച്ച വ്യക്തിയാണ് ഡോ. രാജഗോപാല ചിദംബരം. ആറ്റോമിക് എനര്‍ജി കമ്മീഷന്റെ ചെയര്‍മാനും കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു. 1975 ലും 1999 ലും ചിദംബരത്തിന് പദ്മശ്രീയും പദ്മവിഭൂഷണും ലഭിച്ചിട്ടുണ്ട്. പൊക്രാന്‍ 1, പൊക്രാന്‍ 2 ആണവപരീക്ഷണങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു.ആണവോര്‍ജ്ജ കമ്മീഷന്‍ ചെയര്‍മാന്‍ പദവിക്ക് പുറമെ ബാബാ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍, ആറ്റോമിക് എനര്‍ജി ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1994-95 കാലഘട്ടത്തില്‍ ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ ചെയര്‍മാനായിരുന്നു.