Share this Article
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്; വോട്ടെണ്ണൽ 8 ന്; ഇവിഎമ്മില്‍ അട്ടിമറി നടത്താനാവില്ല; ആരോപണം അടിസ്ഥാനമില്ലാത്തതെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍
വെബ് ടീം
posted on 07-01-2025
1 min read
election commission

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്; വോട്ടെണ്ണൽ 8ന്. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഏഴാം നിയമസഭയുടെ കാലാവധി ഫെബ്രുവരി 15ന് അവസാനിക്കും. ഏഴുപത് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.

രാഷ്ട്രീയ ആരോപണങ്ങളും പ്രചാരണ തന്ത്രങ്ങളുമായി കടുത്ത ത്രികോണ മത്സരത്തിനാണ് ഡല്‍ഹി സാക്ഷിയാകുക..

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുന്‍പേ തന്നെ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും കോണ്‍ഗ്രസും പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടിയെയും കെജരിവാളിനെയും കടന്നാക്രമിച്ചാണ് ബിജെപിയുടെ പ്രചാരണം. അതേസമയം വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ആം ആദ്മി പാര്‍ട്ടി പ്രചരണ രംഗം കൊഴുപ്പിക്കുന്നു. മൂന്നാം തവണയും അധികാരം നിലനിര്‍ത്താനുള്ള പ്രചാരണത്തിന് കെജരിവാളാണ് നേതൃത്വം നല്‍കുന്നത്. അതേസമയം കെജരിവാളിനെ കടന്നാക്രമിച്ചു കൊണ്ടാണ് ബിജെപി പ്രചാരണം ശക്തമാക്കുന്നത്.

അതേ സമയം  വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. തെരഞ്ഞെടുപ്പ് പക്രിയകള്‍ എല്ലാം സുതാര്യമായാണ് നടക്കുന്നത്.  വോട്ടര്‍മാര്‍ നല്ല ധാരണയുള്ളവരാണെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. ഡല്‍ഹിനിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള വാര്‍ത്താ സമ്മേളത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വിശദീകരണം.

വോട്ടിങ് മെഷീനില്‍ ഉള്‍പ്പടെ ക്രമക്കേട് പ്രായോഗികമല്ല. എന്നാല്‍ ചോദ്യം ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിലുണ്ട്. പക്ഷെ അടിസ്ഥാന രഹിതമായ പ്രചാരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സുതാര്യമായാണ് വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത്. പട്ടിക തയ്യാറാക്കുന്ന ഓരോ ഘട്ടത്തിലും പാര്‍ട്ടികള്‍ക്ക് പങ്കാളിത്തമുണ്ട്. വോട്ടര്‍മാരെ ചേര്‍ക്കുന്നതും ഒഴിവാക്കുന്നതും ചട്ടപ്രകാരമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

ഇവിഎം അട്ടിമറികള്‍ എന്നത് അടിസ്ഥാനരഹിതമാണ്. വോട്ടെടുപ്പിന് മുന്‍പും വോട്ടെടുപ്പിന് ശേഷവും ഇവിഎം പരിശോധിക്കുന്നു. മെഷീന്‍ ആര്‍ക്കും ഹാക്ക് ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ തെരഞ്ഞെടുപ്പിലും വ്യത്യസ്ത ഫലങ്ങളാണ് വന്നത്. ആരോപണങ്ങള്‍ ഉയര്‍ന്നത് തെറ്റിദ്ധാരണമൂലമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories