കൊച്ചി: നീതിക്കായുള്ള തന്റെ സമരം രാഷ്ട്രീയ പ്രേരിതമാണെന്ന വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവിയുടെ പരാമർശത്തിന് മറുപടിയുമായി കെ.കെ.ഹർഷിന.വനിതാ കമ്മീഷന്റെ ആരോപണം ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ്.തന്റെ പോരാട്ടത്തിനൊപ്പം നിന്നത് മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവരാണെന്നും ഹർഷിന കേരളവിഷൻ ന്യൂസിനോട് പറഞ്ഞു
തൻ്റെ പോരാട്ടത്തിന് ഒരു രാഷ്ട്രീയവും ഇല്ലെന്നും സ്വന്തം ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാനാണ് വനിതാ കമ്മീഷൻ അധ്യക്ഷ രാഷ്ട്രീയ ആരോപണം ഉന്നയിക്കുന്നതെന്നും ചികിത്സപ്പിഴവിന് ഇരയാക്കപ്പെട്ട കെ.കെ.ഹർഷിന. രണ്ടരവർഷം പോരാടിയിട്ടും ഒരു നീതിയും തനിക്ക് ലഭിച്ചിട്ടില്ല. മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവരാണ് തന്റെ പോരാട്ടത്തിനൊപ്പം നിന്നത്. നീതിക്കായി മരണംവരെ പോരാട്ടം തുടരും. ഒരു സഹായവും ചെയ്യാത്തവർ മാനസികമായി തളർത്താൻ ശ്രമിക്കുകയാണ്. ഒരു സ്ത്രീയെന്ന പരിഗണനയെങ്കിലും വനിതാ കമ്മീഷൻ തനിക്ക് നൽകണമെന്നും കെ.കെ.ഹർഷിന കൊച്ചിയിൽ കേരള വിഷൻ ന്യൂസിനോട് പറഞ്ഞു.
ഹർഷിനയെ വീട്ടിൽ പോയി കണ്ടിരുന്നെന്നും അന്നുതന്നെ മെഡിക്കൽ നെഗ്ലിജൻസിന് ആവശ്യമായ നഷ്ടപരിഹാരം കിട്ടുന്നതിന് കോടതിയെ സമീപിക്കാൻ സൗജന്യ നിയമസഹായം ഉൾപ്പടെ വാഗ്ദാനം ചെയ്തിരുന്നുവെന്നുമാണ് സതീദേവി പറഞ്ഞത്. എന്നാൽ ഇതിനെയല്ലാം അവഗണിച്ചുകൊണ്ടാണ് ഹർഷിന രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായത്. അവർക്ക് ആവശ്യമെങ്കിൽ ലീഗൽ സർവീസ് അതോറിറ്റിയുമായി സഹകരിച്ച് നിയമസഹായം നൽകാൻ തയ്യാറാണെന്നും സതീദേവി പറഞ്ഞു.