ന്യൂഡൽഹി: ദേശീയ മഞ്ഞൾ ബോർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ബോർഡിന്റെ ആദ്യത്തെ ചെയർപേഴ്സണായി ശ്രീ പല്ലെ ഗംഗാ റെഡ്ഡിയെ നാമനിർദ്ദേശം ചെയ്തതായും മന്ത്രി പ്രഖ്യാപിച്ചു. നിസാമാബാദിലാണ് ബോർഡിന്റെ ആസ്ഥാനം.
രാജ്യമെമ്പാടുമുള്ള ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ശുഭദിനത്തിലാണ് ദേശീയ മഞ്ഞൾ ബോർഡിന്റെ ഉദ്ഘാടനം നടക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികളും കയറ്റുമതി, ഉത്പാദക സംഘടനകളിലെ പ്രതിനിധികളും ബോർഡിൽ അംഗങ്ങളായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'സ്വർണ്ണ സുഗന്ധവ്യഞ്ജനം' എന്നറിയപ്പെടുന്ന മഞ്ഞൾ കർഷകരുടെ ക്ഷേമത്തിന് പ്രത്യേക ശ്രദ്ധ നൽകുമെന്നും മികച്ച ഇനങ്ങൾ വികസിപ്പിക്കുന്നതിനും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും ബോർഡ് ഊന്നൽ നൽകുമെന്നും മന്ത്രി പറഞ്ഞു. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, മേഘാലയ തുടങ്ങി 20 സംസ്ഥാനങ്ങളിലായി വ്യാപിച്ചിരിക്കുന്ന മഞ്ഞൾ കൃഷിയെ ബോർഡ് പിന്തുണയ്ക്കും. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും മഞ്ഞൾ ഉത്പാദനം വർധിപ്പിക്കുന്നതിന് വലിയ സാധ്യതകളുണ്ടെന്നും മഞ്ഞൾ ബോർഡിന്റെ രൂപീകരണം രാജ്യത്തെ മഞ്ഞൾ കർഷകരുടെ വരുമാനം വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ഉൽപ്പന്നങ്ങളുടെ ഗവേഷണ വികസന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, വിദേശ വിപണി ലക്ഷ്യമാക്കി മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വികസിപ്പിക്കുക, മഞ്ഞളിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, വിളവ് വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുക, ലോജിസ്റ്റിക്സ് മെച്ചപ്പെടുത്തുക തുടങ്ങിയവയും ബോർഡിന്റെ ലക്ഷ്യങ്ങളിൽപ്പെടുന്നു. മഞ്ഞൾ ഉത്പാദനത്തിന്റെയും കയറ്റുമതിയുടെയും ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
2023-24 കാലയളവിൽ ഇന്ത്യയിൽ 3.05 ലക്ഷം ഹെക്ടറിൽ മഞ്ഞൾ കൃഷി നടന്നതായും 10.74 ലക്ഷം ടൺ ഉത്പാദനം ഉണ്ടായതായും അദ്ദേഹം അറിയിച്ചു. ആഗോള മഞ്ഞൾ ഉത്പാദനത്തിന്റെ 70% ത്തിലധികവും ഇന്ത്യയിൽ നിന്നാണ്. ഇന്ത്യയിൽ 30 ഇനം മഞ്ഞൾ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ ബന്ദി സഞ്ജയ് കുമാർ, നിസാമാബാദ് എംപി ശ്രീ അർവിന്ദ് ധർമ്മപുരി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.