ന്യൂഡൽഹി: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ ഇതുവരെ കൊല്ലപ്പെട്ടെന്നു വിദേശകാര്യ മന്ത്രാലയം. അവശേഷിക്കുന്ന പതിനെട്ടു പേരിൽ 16 പേരെ കുറിച്ചു വിവരമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുക്രെയ്നുമായുള്ള യുദ്ധത്തിൽ പരുക്കേറ്റ മലയാളി മോസ്കോയിൽ ചികിത്സയിൽ തുടരുകയാണ്. 96 പേരെ ഇതിനോടകം തിരികെ എത്തിച്ചെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണു റഷ്യയില്‍ ഷെല്ലാക്രമണത്തില്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ ബാബു കൊല്ലപ്പെട്ടത്. ബിനിലിന്റെ ബന്ധു കൂടിയായ ജയിന്‍ കുര്യനും സമാനമായി ഷെല്ലാക്രമണത്തില്‍ പരുക്കേറ്റു ഗുരുതരാവസ്ഥയിലാണ്. ഇലക്ട്രീഷ്യന്മാരായ ഇരുവരും റിക്രൂട്ടിങ് ചതിയില്‍പ്പെട്ടാണു റഷ്യന്‍ കൂലിപ്പട്ടാളത്തിലെത്തിയത്. ഇവര്‍ക്കു പുറമേ കേരളത്തില്‍നിന്നും ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍നിന്നും നിരവധി പേർ സമാനമായ രീതിയില്‍ ചതിക്കപ്പെട്ട് റഷ്യയിലെത്തുകയും നിര്‍ബന്ധിതമായി കൂലിപ്പട്ടാളത്തിന്റെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. വിഷയത്തിൽ എൻഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.