Share this Article
ബ്രൂവറി അനുമതിയിൽ സംശയിക്കത്തക്ക യാതൊന്നുമില്ല ,'2016 മുതല്‍ കേരളത്തില്‍ മാറ്റങ്ങളുടെ കാലം , ജനങ്ങളുടെ ചിന്താ മരവിപ്പ് മാറി'; സഭയിൽ സർക്കാർ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
വെബ് ടീം
6 hours 7 Minutes Ago
1 min read
cm

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങള്‍ നിയമസഭയില്‍ എണ്ണിപ്പറഞ്ഞ് നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഒന്നും നടക്കില്ലെന്ന ജനങ്ങളുടെ ചിന്താ മരവിപ്പ് 2016 മുതല്‍ മാറി. കേരളത്തില്‍ ഒന്നും നടക്കില്ലെന്ന സ്ഥിതി മാറി. കേരളം വ്യവസായ നിക്ഷേപ സൗഹൃമല്ലെന്ന ആക്ഷേപം മാറി. 2016 മുതല്‍ കേരളത്തില്‍ മാറ്റങ്ങളുടെ കാലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് മദ്യ നിർമ്മാണ പ്ലാന്റ് അനുമതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. വ്യാജ പ്രചാരണങ്ങൾക്ക് അധികം ആയുസുണ്ടാകില്ലെന്നും ഇടത് മുന്നണി ഇടപെടുന്നത് സത്യസന്ധമായി മാത്രമാണെന്നും പിണറായി അവകാശപ്പെട്ടു. 

സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ വന്‍ നേട്ടമാണ് സംസ്ഥാനത്ത് ഉണ്ടായത്. സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 300 ല്‍ നിന്ന് ആറായിരത്തിലധികമായി മാറി. തൊഴിലവസരങ്ങളും ക്രമാതീതമായി വര്‍ദ്ധിച്ചു. ഒരു ലക്ഷത്തിലധികം സംരംഭങ്ങള്‍ ആരംഭിച്ചത് വനിതകളാണ്. ഐടി രംഗത്ത് 90,000 കോടി രൂപയുടെ കയറ്റുമതി സംസ്ഥാനത്തുണ്ടായി.

ഉന്നത വിദ്യാഭ്യാസമേഖല മികവിന്റെ ഹബ്ബായി മാറി. സംസ്ഥാനത്ത് ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി എന്നിവ നടപ്പായി. 2028 ല്‍ വിഴിഞ്ഞം പൂര്‍ണമായി യാഥാര്‍ത്ഥ്യമാക്കും. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യരംഗം വെന്റിലേറ്ററിലായിരുന്നു. സര്‍ക്കാര്‍ മേഖലയില്‍ ആരോഗ്യരംഗം കുത്തഴിഞ്ഞ നിലയിലായിരുന്നു. ആര്‍ദ്രം മിഷനിലൂടെ ഇടതുസര്‍ക്കാര്‍ അതെല്ലാം മാറ്റിയെടുത്തു. ആരോഗ്യരംഗത്തെ ബജറ്റു വിഹിതം മൂന്നിരട്ടിയായി ഉയര്‍ത്തി.

2016 ല്‍ ഇടതുസര്‍ക്കാര്‍ വരുമ്പോള്‍ കാര്‍ഷിക മേഖല തകര്‍ന്നു കിടക്കുകയായിരുന്നു.നെല്‍കൃഷി രണ്ടര ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കാന്‍ കഴിഞ്ഞു.യുവാക്കളെ കാര്‍ഷിക രംഗത്തേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞു. നാളികേരത്തിന്റെ താങ്ങുവില വര്‍ധിപ്പിച്ചു. റബ്ബര്‍ കര്‍ഷകര്‍ക്കുള്ള തുക 600 കോടിയായി ഉയര്‍ത്തി. ക്ഷീരകാര്‍ഷിക മേഖലയിലും മികച്ച ഇടപെടല്‍ ആണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് കാലത്ത് ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചത്. പിപിഇ കിറ്റ് അനിവാര്യമായിരുന്നു. അടിയന്തര സാഹചര്യത്തിൽ നിന്നാണ് നടപടികളെടുത്തത്. ആവശ്യത്തിന് അവശ്യ സാധനങ്ങൾ കിട്ടാത്ത അവസ്ഥ ഉണ്ടായിരുന്നു. എത്രകാലം കൊവിഡ് നിൽക്കുമെന്ന് പോലും പ്രവചിക്കാനാകാത്ത സാഹചര്യം. സങ്കീർണമായ മാനദണ്ഡങ്ങളെല്ലാം പാലിച്ച് മുന്നോട്ട് പോയാൽ മതിയായിരുന്നു എന്നാണോ പ്രതിപക്ഷം പറയുന്നത്.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഔദ്യോഗിക വിദഗ്ധ സമിതിയെ ആണ് സാഹചര്യങ്ങൾക്ക് അനുസരിച്ച് പെരുമാറാൻ ചുമതലപ്പെടുത്തിയത്. അടിയന്തര സാഹചര്യത്തിനൊപ്പം പെരുമാറേണ്ടി വന്നിട്ടുണ്ട്. സിഎജിക്ക് ഉചിതവും വ്യക്തവുമായ മറുപടി സർക്കാർ നൽകിയിരുന്നുവെന്നും പിണറായി മറുപടി നൽകി.  

 കേരളത്തോടുളള കേന്ദ്രത്തിന്റെ സമീപനം ഉപരോധത്തിന് സമാനമാണ്. ധൂർത്തും കെടുകാര്യസ്ഥതയുമെന്ന് പറഞ്ഞ് പ്രതിപക്ഷം അതിന് വളം വച്ചു. എല്ലാ പ്രതിസന്ധിക്കിടയിലും സാമൂഹ്യ ക്ഷേമ പദ്ധതികൾ സംസ്ഥാനം നടപ്പാക്കുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories