Share this Article
മന്ത്രിയുടെ ഉറപ്പിൽ റേഷന്‍ വാതില്‍ പടി വിതരണക്കാരുടെ സമരം പിന്‍വലിച്ചു; റേഷന്‍ വ്യാപാരികള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം
വെബ് ടീം
posted on 25-01-2025
1 min read
RATION

തിരുവനന്തപുരം: റേഷന്‍ വാതില്‍ പടി വിതരണക്കാരുടെ സമരം പിന്‍വലിച്ചു. ഭക്ഷ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. മൂന്നുമാസത്തെ കുടിശ്ശികത്തുക ഉടന്‍ വിതരണം ചെയ്യും. അതേസമയം റേഷന്‍ വ്യാപാരികള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറണമെന്ന് മന്ത്രി ജി ആര്‍ അനില്‍ അഭ്യര്‍ത്ഥിച്ചു.

ഗോഡൗണുകളില്‍ നിന്ന് റേഷന്‍ കടകളിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന വാതില്‍പ്പടി വിതരണക്കാര്‍ ജനുവരി ഒന്നുമുതല്‍ സമരത്തിലാണ്. വിതരണക്കാര്‍ സമരത്തില്‍ ആയതോടെ റേഷന്‍കടകളില്‍ ധാന്യങ്ങള്‍ എത്തിയിരുന്നില്ല. 2014 മുതലുള്ള 10 ശതമാനം കുടിശ്ശിക റേഷന്‍ വാതില്‍ പടി വിതരണക്കാര്‍ക്ക് നല്‍കാനുണ്ട്. ഇതുകൂടാതെ ഒക്ടോബര്‍ മുതലുള്ള തുകയും കുടിശ്ശികയാണ്. ഇതിന് പിന്നാലെയാണ് വാതില്‍പ്പടി വിതരണക്കാര്‍ സമരം തുടങ്ങിയത്. ഓണ്‍ലൈനായി നടത്തിയ ചര്‍ച്ചയില്‍ കുടിശ്ശിക തുക ഉടന്‍ നല്‍കാമെന്ന് മന്ത്രി വാതില്‍പ്പടി വിതരണക്കാര്‍ക്ക് ഉറപ്പുനല്‍കി. സെപ്റ്റംബര്‍ ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലെ തുക വാതില്‍പ്പടി വിതരണക്കാര്‍ക്ക് നല്‍കും.

തിങ്കളാഴ്ച മുതല്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം നടത്താമെന്ന് കരാറുകാര്‍ മന്ത്രിയെ അറിയിച്ചു. അതിനിടെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് റേഷന്‍ വ്യാപാരികള്‍ അറിയിച്ചു. വേതന പാക്കേജ് പരിഷ്‌കരിക്കാതെ സമരം അവസാനിപ്പിക്കുന്നതാണ് വ്യാപാരി സംഘടനകളുടെ നിലപാട്. തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകാനാണ് റേഷന്‍ വ്യാപാരികളുടെ തീരുമാനം. ഇന്നലെ ധനമന്ത്രിയും ഭക്ഷ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തങ്ങളെ അവഹേളിച്ചെന്നും വ്യാപാരികള്‍ക്ക് വിമര്‍ശനം ഉണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories