Share this Article
Union Budget
'കെആര്‍ മീര പറഞ്ഞത് ശുദ്ധ അസംബന്ധം', 'ബെന്യാമിന്റെ വിവരമില്ലായ്മയെക്കുറിച്ച് ധാരാളം പറയാനുണ്ട്'; സാമൂഹ്യ മാധ്യമത്തില്‍ പോര്
വെബ് ടീം
posted on 01-02-2025
1 min read
kr meera

കൊച്ചി: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ എഴുത്തുകാരി കെആര്‍ മീര ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിനെച്ചൊല്ലി സാമൂഹ്യ മാധ്യമങ്ങളില്‍ വിവാദം. മീരയുടെ പോസ്റ്റിനെതിരെ എഴുത്തുകാരന്‍ ബെന്യാമിന്‍ രംഗത്തുവന്നു. ഇതിനു മീര മറുപടി കൂടി എഴുതിയതോടെ ഇരുവരെയും അനുകൂലിച്ചും എതിര്‍ത്തും പോസ്റ്റിടുന്നവരുടെ എണ്ണം വൻതോതിലാണ്.

രക്തസാക്ഷി ദിനത്തില്‍, ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ ഹിന്ദു മഹാസഭ ആദരിച്ച വാര്‍ത്ത പങ്കുവച്ചുകൊണ്ടായിരുന്നു മീരയുടെ ചെറു കുറിപ്പ്. 'തുടച്ചു നീക്കാന്‍ കോണ്‍ഗ്രസുകാര്‍ പത്തെഴുപത്തിയഞ്ച് കൊല്ലമായി ശ്രമിക്കുന്നു, കഴിഞ്ഞിട്ടില്ല. പിന്നെയാണ് ഹിന്ദു മഹാസഭ' എന്നാണ് മീര കുറിച്ചത്. ഇതിനു താഴെ തന്നെ ഒട്ടേറെ വിമര്‍ശന കമന്റുകള്‍ വന്നിരുന്നു.

കെആര്‍ മീര പറഞ്ഞത് ശുദ്ധ അസംബന്ധം ആണ് എന്നാണ്  ബെന്യാമിന്‍ പോസ്റ്റിട്ടത്. ഏത് ഏതിനോട് താരതമ്യം ചെയ്യണമെന്നും ആരെ ഏത് രീതിയില്‍ വിമര്‍ശിക്കണം എന്നുമുള്ള വിവരമില്ലായ്മയാണ് പോസ്‌റ്റെന്നും ബെന്യാമിന്‍ വിമര്‍ശിച്ചു. അത് ഗുണം ചെയ്യുന്നത് സംഘപവാറിനാണെന്ന് അറിയാതെയല്ല, അറിഞ്ഞുകൊണ്ട് എഴുതുന്നതാണ് അപകടമെന്നും ബ്യെന്യാമിന്‍ പറഞ്ഞു.

ബെന്യാമിന്റെ കുറിപ്പിന് മീര എഴുതിയ മറുപടി :

ബെന്യാമിന്‍ ഉപയോഗിച്ച ഭാഷയില്‍ത്തന്നെ ഞാന്‍ മറുപടി പറയുന്നു :

ഗാന്ധിനിന്ദയ്ക്ക് എതിരേ ശക്തമായി പ്രതിഷേധിക്കാന്‍ പോലും ചങ്കുറപ്പില്ലാതെ എന്റെ പോസ്റ്റിനെ ശുദ്ധ അസംബന്ധം എന്നു പറയുന്ന ബെന്യാമിന്റെ വിവരമില്ലായ്മയെക്കുറിച്ച് എനിക്കും ധാരാളം പറയാനുണ്ട്. എന്നെ സംഘപരിവാറായി അവതരിപ്പിക്കാനുള്ള ബെന്യാമിന്റെ ശ്രമം സംഘപരിവാറിനെ സഹായിക്കാനുള്ള പദ്ധതി മാത്രമാണ്. അന്നും ഇന്നും എന്റെ നിലപാടുകളില്‍നിന്നു ഞാന്‍ അണുവിട മാറിയിട്ടില്ല. ഞാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും അപ്പക്കഷ്ണങ്ങള്‍ മോഹിച്ചു പ്രസ്താവന നടത്തിയിട്ടുമില്ല. എന്നെ വിമര്‍ശിക്കുന്നതുവഴി കോണ്‍ഗ്രസുകാരെയും സംഘപരിവാറുകാരെയും സുഖിപ്പിച്ച് അവരില്‍നിന്നു കിട്ടാനുള്ള അപ്പക്കഷ്ണങ്ങള്‍കൂടി പോരട്ടെ എന്നാണു ബെന്യാമിന്റെ നിലപാട് എന്നു തോന്നുന്നു. ഞാനാണു മഹാ പണ്ഡിതന്‍, ഞാനാണു മഹാമാന്യന്‍, ഞാനാണു സദാചാരത്തിന്റെ കാവലാള്‍ എന്നൊക്കെ മേനി നടിക്കുന്നതുകൊള്ളാം. കൂടുതല്‍ എഴുതുന്നില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories