തിരുവനന്തപുരം: സ്വകാര്യ സര്‍വകവാശാല ബില്ലിന് സംസ്ഥാന മന്ത്രിസഭായോഗത്തിന്റെ അനുമതി. നടപ്പ് സമ്മേളത്തില്‍ ഫെബ്രുവരി 13-ന് ബില്ല് അവതരിപ്പിക്കാനാണ് തീരുമാനം. പ്രധാന സഖ്യകക്ഷിയായ സിപിഐയുടെ എതിര്‍പ്പുകള്‍ പരിഗണിച്ചാണ് ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം കരട് ബില്ലിന് അംഗീകാരം നല്‍കിയതെന്നാണ് വിവരം.സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതില്‍ നേരത്തെ തന്നെ സിപിഎം തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ഈ വിഷയം വന്നപ്പോള്‍ സിപിഐ ചില വിഷയങ്ങളില്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. ഇന്ന് പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നത് ഈ വിഷയത്തില്‍ തീരുമാനം എടുക്കുന്നതിന് വേണ്ടിയാണ്.
മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സുകളുള്ള സ്വകാര്യ സര്‍വകലാശാലകളില്‍ ഫീസിനും പ്രവേശനത്തിനും സര്‍ക്കാരിന് നിയന്ത്രണം ഉണ്ടാവില്ല. അധ്യാപക നിയമനത്തിലും ഇടപെടില്ല. എന്നാല്‍ സംവരണം പാലിച്ചുകൊണ്ടുതന്നെയായിരിക്കും സ്വകാര്യ സര്‍വകലാശാലകളിലെ പ്രവേശനം. 15 ശതമാനം എസ്‌സി വിഭാഗത്തിനും അഞ്ച് ശതമാനം എസ്ടി വിഭാഗത്തിനും സംവരണം ചെയ്യണമെന്നാണ് ബില്ലിലെ നിര്‍ദേശം. ഇതിന് വിരുദ്ധമായി സര്‍വകലാശാല പ്രവര്‍ത്തിച്ചതായി കണ്ടാല്‍ രണ്ട് മാസത്തിനുള്ളില്‍ സര്‍വകലാശാലയുടെ അംഗീകാരം പിന്‍വലിക്കാതിരിക്കുന്നതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാം. വ്യവസ്ഥാ ലംഘനം കണ്ടെത്തിയാല്‍ സര്‍ക്കാരിന് അന്വേഷണത്തിന് ഉത്തരവിടാം.
സര്‍വകലാശാലയുടെ സാമ്പത്തികമായോ ഭരണപരമായോ ഉള്ളവിവരങ്ങളും രേഖകളും പിടിച്ചുപറ്റാന്‍ സര്‍ക്കാരിന് അധികാരമുണ്ടാവും.സര്‍വകലാശാലകളുടെ ഗവേണിങ് കൗണ്‍സിലില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന വിദ്യാഭ്യാസ വിദഗ്ദരും അംഗങ്ങളായിരിക്കും. അക്കാദമിക് കൗണ്‍സിലില്‍ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന അസോസിയേറ്റ് പ്രൊഫസര്‍ പദവിയില്‍ താഴെയല്ലാത്ത മൂന്ന് പേര്‍ ഉണ്ടായിരിക്കണം തുടങ്ങിയ വ്യവസ്ഥകളും ബില്ലിലുണ്ട്.