ബെംഗളൂരു: ബന്നാര്‍ഘട്ടയില്‍ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം സ്വദേശി മുഹമ്മദ് ഷാഹൂബ് (28), മലപ്പുറം സ്വദേശി അര്‍ഷ് പി. ബഷീര്‍ (23) എന്നിവരാണ് മരിച്ചത്. നിലമ്പൂര്‍ നഗരസഭ ഉപാധ്യക്ഷന്‍ പി.എം ബഷീറിന്‍റെ മകനാണ് അര്‍ഷ്. എം.ബി.എ.വിദ്യാര്‍ഥിയാണ് അര്‍ഷ്.
ഷാഹൂബ് ബെംഗളുരുവില്‍ ജോലി ചെയ്യുകയാണ്. കാറിലുണ്ടായിരുന്ന മറ്റു രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.