ഹിസാർ: സ്ത്രീധന പീഡനത്തിന്‍റെ പേരിൽ കബഡി താരവും അർജുന ജേതാവുമായ ദീപക് ഹൂഡയ്ക്കെതിരേ പരാതി നൽകി ബോക്സർ താരം കൂടിയായ ഭാര്യ സവീതി ബോറ. സവീതിയും അർജുന ജേതാവാണ്. ഹരിയാനയിൽ നിന്നുള്ള ഇരു താരങ്ങളും ഇന്ത്യൻ കായിക മേഖലയെ പ്രശസ്തിയിലേക്ക് നയിച്ചവരാണ്. സ്ത്രീധനത്തിന്‍റെ പേരിൽ ദീപക്കും കുടുംബവും തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതി.
എന്നാൽ ഇതു തെറ്റാണെന്നും സവീതി തന്‍റെ സ്വത്ത് തട്ടിച്ചുവെന്നും കാണിച്ച് ദീപക് ഹൂഡ റോഹ്താക് പൊലീസ് സ്റ്റേഷനിൽ മറ്റൊരു പരാതി നൽകിയിട്ടുണ്ട്.2022 ലാണ് 32 കാരിയായ സവീതിയും 30 കാരനായ ദീപക്കും വിവാഹിതരായത്. സവീതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി 25ന് ദീപക് ഹൂഡയ്ക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഹിസാർ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ സ്ഥിരീകരിച്ചു.
ഒരു കോടി രൂപയും ഒരു എസ്‌യുവിയും സ്ത്രീധനമായി ദീപക് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സവീതി ആരോപിക്കുന്നത്.