ബംഗളൂരു: അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച കന്നഡ നടി രന്യ റാവു അറസ്റ്റിൽ. തിങ്കളാഴ്ച രാത്രി കെമ്പ്ഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് 12 കോടി രൂപ വില മതിക്കുന്ന സ്വർണവുമായി നടി ഡയറക്റ്ററേറ്റ് ഒഫ് റവന്യു ഇന്‍റലിജൻസിന്‍റെ ( ഡിആർഐ)പിടിയിലായത്. ബെൽറ്റിൽ ഒളിപ്പിച്ച 14 കിലോ ഗ്രാം വരുന്ന സ്വർണക്കട്ടകളാണ് പിടി കൂടിയത്. ഇതു കൂടാതെ 800 ഗ്രാം സ്വർണാഭരണങ്ങളും പിടികൂടിയിട്ടുണ്ട്.ദുബായിൽ നിന്നും എത്തിയ നടി ഏറെക്കുറേ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് ഡിആർഐ പരിശോധനയിൽ കുടുങ്ങിയത്. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ നടിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ലാവെല്ലെ റോഡിലെ നടിയുടെ വസതിയിലും അന്വേഷണസംഘം പരിശോധന നടത്തി. ഇവിടെ നിന്നും 2.06 കോടിയുടെ സ്വർണാഭരണങ്ങളും 2.67 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ബംഗളൂരു വിമാനത്താവളം ചുറ്റിപ്പറ്റി പ്രവർത്തിച്ചു വരുന്ന സ്വർണക്കള്ളക്കടത്തു സംഘത്തിന്‍റെ കണ്ണിയാണ് നടിയെന്നാണ് പൊലീസ് സംശയിക്കുന്നത്. മാണിക്യ, പാതകി, വാഗാ തുടങ്ങി നിരവധി കന്നഡ, തമിഴ് സിനിമകളിൽ രന്യ അഭിനയിച്ചിട്ടുണ്ട്.