Share this Article
Union Budget
'സംഘപരിവാർ CBFCയേക്കാള്‍ വലിയ സെൻസർ ബോർഡായി'; രാഷ്ട്രീയ സിനിമ അല്ലാതിരുന്നിട്ടും എമ്പുരാനെതിരെ സംഘപരിവാർ ആക്രമണമെന്ന് മുഖ്യമന്ത്രി; മധുരയെ ചുവപ്പണിയിച്ച് 10,000 റെഡ്‌ വോളന്റിയർമാർ
വെബ് ടീം
posted on 06-04-2025
1 min read
cm

മധുര: സിബിഎഫ്സിയേക്കാൾ വലിയ സെൻസർ ബോർഡായി സംഘപരിവാർ പ്രവർത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.എമ്പുരാൻ‌ ഒരു കമ്യൂണിസ്റ്റ് സിനിമയല്ല. രാഷ്ട്രീയ സിനിമ പോലുമല്ല. വ്യവസായ സിനിമ ആയിരുന്നിട്ടും ചില ഭാഗങ്ങളുടെ പേരിൽ ചിത്രം ആക്രമിക്കപ്പെട്ടു.  സിപിഐഎം 24-ാം പാർട്ടി കോൺഗ്രസ് സമാപന സമ്മേളന പ്രസംഗത്തിൽ എമ്പുരാൻ വിഷയം പരാമർശിച്ച് സംസാരിക്കുകയായിരുന്നു പിബി അം​ഗമായ പിണറായി വിജയൻ.

സംഘപരിവാറിന് ഇഷ്ടമല്ലാത്ത ആശയങ്ങൾ പാടില്ലെന്നാണ് പിടിവാശിയെന്ന് പിണറായി വിജയൻ പറഞ്ഞു. ബിജെപിക്ക് വോട്ട് ചെയ്യാത്തവരെ സംഘപരിവാർ ശിക്ഷിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ മുസ്ലീങ്ങളും ക്രിസ്ത്യാനികളും അക്രമിക്കപ്പെടുന്നു. കേരളത്തിൽ കമ്യൂണിസ്റ്റുകൾ ആക്രമിക്കപ്പെടുന്നുവെന്നും പിണറായി പറഞ്ഞു. കേരള, തമിഴ്നാട് സർക്കാരുകളോട് കേന്ദ്രം പകയോടെ പെരുമാറുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വഖഫ് ബില്‍ സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും പിണറായി വിജയൻ പറഞ്ഞു. വഖഫ് ഈ അജണ്ട നടപ്പാക്കാനുള്ള ആയുധമാണ്. ഇത് ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുള്ളതല്ല. മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും തമ്മിലടിപ്പിക്കുന്നു. സമൂഹത്തെ തമ്മിലടിപ്പിക്കാനുള്ള പദ്ധതിയാണെന്ന് പലരും തിരിച്ചറിയുന്നില്ലെന്നും പിണറായി പറഞ്ഞു.

കത്തോലിക്ക സഭയെക്കുറിച്ചുള്ള ഓർഗനൈസർ ലേഖനത്തേയും മുഖ്യമന്ത്രി വിമർശിച്ചു. രാജ്യത്തെ ഏറ്റവും വലിയ സർക്കാരിതര ഭൂവുടമ കത്തോലിക്ക സഭയെന്ന ഓർഗനൈസർ ലേഖനത്തിലൂടെ പുറത്ത് വന്നത് സംഘപരിവാറിന്റെ തനിനിറമാണെന്നെന്നും ക്രിസ്ത്യൻ ദേവാലയങ്ങളുടെ സ്വത്തിനേയും ആർഎസ്എസ് ലക്ഷ്യമിടുന്നുണ്ടെന്നും മുഖ്യമന്ത്രി വിമർശിച്ചു.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories