നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവച്ച തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതി. ഗവര്‍ണറുടെ നടപടി ഭരണഘടനവിരുദ്ധമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ബില്ലുകളില്‍ പരമാവധി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം എടുക്കണം. ബില്ലുകള്‍ വീണ്ടും പാസാക്കി നിയമസഭ തിരിച്ച് അയച്ചാല്‍ പരമാവധി ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടന അനുച്ഛേദം 200 അനുസരിച്ച് ഗവര്‍ണര്‍ക്ക് പ്രത്യേക വീറ്റോ അധികാരമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശത്തിന് അനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ഗവര്‍ണര്‍ക്കെതിരായ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് നിര്‍ണായക ഉത്തരവ്. തമിഴ്‌നാട് ഗവര്‍ണര്‍ തടഞ്ഞുവച്ച പത്തു ബില്ലുകളും സുപ്രീംകോടതി അംഗീകരിച്ചു.പത്തു ബില്ലുകള്‍ക്കും അംഗീകാരം കിട്ടിയതായി കണക്കാക്കാം എന്ന് കോടതി വ്യക്തമാക്കി.