കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് കർശനമായ താക്കീത് നൽകിയതായി സിനിമ സംഘടനയായ ഫെഫ്ക. എഎംഎംഎയെ അറിയിച്ച ശേഷം ഷൈൻ ടോം ചാക്കോയുടെ തങ്ങൾ സംസാരിച്ചിരുന്നു. ഇത്തരം ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതായി അദ്ദേഹം തങ്ങളോട് സമ്മതിച്ചിട്ടുണ്ട്. ഈ ശീലങ്ങൾ അവസാനിപ്പിക്കുന്നതിന് ആവശ്യമായ പ്രഫഷണൽ അസ്സിസ്റ്റൻസ് സ്വീകരിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഷൈൻ ടോം ചാക്കോയ്ക്ക് നൽകുന്ന അവസാന അവസരമാണിത്. ഒരുതരത്തിലും ഇത്തരം പെരുമാറ്റങ്ങളുമായി മുന്നോട്ട് പോകുന്നവരുമായി സഹകരിക്കാൻ ഞങ്ങൾ തയ്യാറല്ല. അദ്ദേഹത്തിന് ഒരു അവസരം കൂടി വേണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഷൈൻ പ്രതിഭാധനനായ ചെറുപ്പക്കാരനാണ്. കുറ്റവാളികളെ കാണുന്നവരെ പോലെയല്ല ഇത്തരം ശീലങ്ങളിൽ അകപ്പെട്ടുപോയവരെ കാണേണ്ടത്. അവർക്ക് തിരുത്താൻ ഒരു അവസരം നൽകുക എന്നതാണ് മാനുഷികമായ നിലപാട്. എന്നാൽ അതിനെ ദൗർബല്യമായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
എഎംഎംഎ പ്രതിനിധികളായ സരയു, അൻസിബ, വിനു മോഹൻ എന്നിവരുമായി തങ്ങൾ സംസാരിച്ചു. ഫോണിലൂടെ മോഹൻലാൽ, ജയൻ ചേർത്തല എന്നിവരോടും സംസാരിച്ചു. ഇത്തരത്തിൽ സിനിമാ പ്രവർത്തനവുമായി മുമ്പോട്ട് പോകുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചു. തങ്ങളുടെ ഒരു അംഗം ലഹരിയുമായി പിടിക്കപ്പെട്ടപ്പോൾ ആ ദിവസം തന്നെ അയാളെ സസ്‌പെൻഡ് ചെയ്തു. ഇപ്പോൾ അദ്ദേഹം സിനിമകളിൽ വർക്ക് ചെയ്യുന്നില്ല. അത്തരത്തിലുള്ള കർശനമായ നടപടികൾ തങ്ങൾ സ്വീകരിക്കുമ്പോൾ അഭിനേതാക്കളിൽ നിന്നും ഇത്തരം പെരുമാറ്റങ്ങൾ ഉണ്ടാകുന്നത് ബുദ്ധിമുട്ടാണ് എന്നും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.