പോപ്പ് ഫ്രാന്‍സിസിന്റെ കബറടക്കം ഞായറാഴ്ചക്കകം പൂര്‍ത്തിയാവും. പോപ്പ് കാലം ചെയ്താല്‍ നാലുമുതല്‍ ആറ് ദിവസങ്ങള്‍ക്കകം ചടങ്ങ് പൂര്‍ത്തിയാക്കണമെന്നതാണ് ചട്ടം. നടപടി ക്രമങ്ങൾ തീരുമാനിക്കുന്നതിന് കർദിനാൾമാരുടെ യോഗം വത്തിക്കാനിൽ തുടങ്ങി. പോപ്പിന്റെ മരണകാരണം വത്തിക്കാന്‍ ഔദ്യോഗീകമായി അറിയിച്ചു.
പോപ്പ് ഫ്രാന്‍സിസിന്റെ അപ്രതീക്ഷിത വിയോഗത്തിന് കാരണം പക്ഷാഘാതവും തുടര്‍ന്നുണ്ടായ ഹൃദയാഘാതവുമാണെന്ന് വത്തിക്കാന്‍ അറിയിച്ചു. പോപ്പിന്റെ ഭൗതിക ദേഹം വിശിഷ്ട വ്യക്തികള്‍ക്ക് ദര്‍ശനത്തിനായി സെന്റ് മാര്‍ത്ത അപ്പാര്‍ട്ട്‌മെന്റിലെ ചാപ്പലിലേക്ക് മാറ്റി.
ഇറ്റാലിയന്‍ ഭരണാധികാരികള്‍ക്കും കര്‍ദിനാള്‍മാര്‍ക്കും നയതന്ത്രപ്രധിനിധികള്‍ക്കുമാണ് ദര്‍ശനത്തിന് അവസരം. പോപ്പിന്റെ ആഗ്രഹപ്രകാരം ലളിതമായ ചടങ്ങുകളോടെയായിരിക്കും അന്ത്യയാത്ര. മാര്‍ പാപ്പമാരെ കബറടക്കുന്ന ഗ്രോട്ടോയിലല്ല സംസ്‌കാരം. റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയാണ് പോപിന്റെ അന്ത്യവിശ്രമ സ്ഥലം. ശവകുടീരത്തില്‍ പ്രത്യേക അലങ്കാരങ്ങള്‍ ഉണ്ടാവില്ല. ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്നു മാത്രം എഴുതും.സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പൊതുദര്‍ശവും ലളിതമായിരിക്കും.
ഭൗതികദേഹം ഉയര്‍ന്ന പീഡത്തില്‍ വയ്ക്കില്ല.പരമ്പരാഗത രീതിക്ക് പകരം ഒറ്റ അറയുള്ള പെട്ടിയിലാവും അടക്കം.കബറടക്ക ചടങ്ങുകള്‍ക്ക് കര്‍ദിനാള്‍ സംഘത്തിന്റെ ഡീന്‍ ജിയോവന്നി ബാറ്റിസ്റ്റയും, വൈസ് ഡീന്‍ കര്‍ദ്ദിനാള്‍ ലിയോനാര്‍ഡോ സാന്‍ഡ്രിയും പങ്കെടുക്കും. ലോക നേതാക്കള്‍ സംസ്‌കാര ചടങ്ങിനെത്തും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, അര്‍ജന്റിനന്‍ പ്രസിഡന്റ് ജാവിയര്‍ മിലി, ലാറ്റിനമേരിക്കയിലേയും യുറോപ്പിലേയും രാഷ്ട്രത്തലവന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.