പ്രധാനമന്ത്രിയുടെ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത രാജ്യത്തിന് അപകടകരമാണെന്ന് ആരോപിച്ച് ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പ്രധാനമന്ത്രിക്കെഴുതിയ കത്തിലാണ് സിസോദിയയുടെ ആരോപണം. രാജ്യത്തിന്റെ പുരോഗതിക്ക് വിദ്യാസമ്പന്നനായ പ്രധാനമന്ത്രിയെ ആവശ്യമാണെന്നും കത്തില്‍ പറയുന്നു. കത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ട്വീറ്റ് ചെയ്തു.
മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന മനീഷ് സിസോദിയ, രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. രാജ്യത്തിന്റെ തലപ്പത്ത് വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രിയുണ്ടാവുക എന്നത് അപകടകരമാണ്. വിദ്യാഭ്യാസം കുറഞ്ഞ പ്രധാനമന്ത്രിക്ക് യുവാക്കളുടെ അഭിലാഷം നിറവേറ്റാനുള്ള ശേഷിയുണ്ടോയെന്ന് സിസോദിയ കത്തില്‍ ചോദിക്കുന്നു.
പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാകുന്നില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അറുപതിനായിരത്തോളം സ്‌കൂളുകള്‍ അടച്ചുപൂട്ടി. രാജ്യത്തിന്റെ പുരോഗതിക്ക് വിദ്യാസമ്പന്നനായ പ്രധാനമന്ത്രിയെ ആവശ്യമാണെന്നും കത്തില്‍ പറയുന്നുണ്ട്.
ആംആദ്മി നേതാവും ഡല്‍ഹി മുഖമന്ത്രിയുമായി അരവിന്ദ് കെജ്രിവാള്‍ സിസോദിയയുടെ കത്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ബിരുദത്തിന്റെ വിശദാംശങ്ങള്‍ വിവരാവകാശത്തിലൂടെ ചോദിച്ചതിന് ഗുജറാത്ത് ഹൈക്കോടതി കേജ്രിവാളിന് 25,000 രൂപ പിഴ ചുമത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സിസോദിയ കത്തയച്ചിരിക്കുന്നത്.