എം ആർ അജിത് കുമാറിന് ക്ലീൻ ചീറ്റ് നൽകി സർക്കാർ. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ എം ആർ അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ ആയിരുന്നു അന്വേഷണം.
മുൻ എംഎൽഎ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിലായിരുന്നു വിജിലൻസ് അന്വേഷണം നടത്തിയത്. കവടിയാറിലെ ആഡംബര വീട് നിർമ്മാണം, ഫ്ലാറ്റ് വാങ്ങൽ, സ്വർണകടത്ത് ഉൾപ്പെടെയായിരുന്നു പി വി അൻവർ ഉന്നയിച്ചത്. എന്നാൽ അജിത് കുമാറിന് അനധികൃത സ്വത്ത് സമ്പാദനം ഇല്ലെന്നായിരുന്നു വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട്. ഈ അന്വേഷണ റിപ്പോര്‍ട്ടിനാണ് മുഖ്യമന്ത്രി അംഗീകാരം നൽകിയത്. ഇന്നലെ കണ്ണൂരിൽ നിന്ന് എത്തിയ മുഖ്യമന്ത്രി ഫയൽ വിളിച്ച് വരുത്തി ഒപ്പിടുകയായിരുന്നു.
അതേസമയം, അനധികൃത സ്വത്ത് സമ്പാദനം ആരോപണത്തിൽ കേസെടുക്കണമെന്ന ഡിജിപിയുടെ ശുപാര്‍ശ തൊടാതെയാണ് ക്ലീൻ ചിറ്റ് നൽകിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിന് സര്‍ക്കാര്‍ അംഗീകാരം നൽകുന്നത്. പി വിജയനെതിരായ വ്യാജ മൊഴി നൽകിയതിൽ കേസെടുക്കണമെന്ന ശുപാര്‍ശയിലും മുഖ്യമന്ത്രി തീരുമാനമെടുത്തിട്ടില്ല.