കൊച്ചി: സിറോമലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ് ആയി മാർ റാഫേൽ തട്ടിൽ ചുമതലയേറ്റു. കാക്കനാട് മൗണ്ട് സെന്‍റ് തോമസിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്.സിറോ മലബാർ സഭാ അഡ്മിനിസ്ട്രേറ്റർ കൂടിയായ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ മുഖ്യ കാർമികനായിരുന്നു. മെത്രാൻമാരും രൂപതാ പ്രതിനിധികളും സന്യാസ സഭാ സുപ്പീരിയർമാരും ഉൾപ്പെടെ ചെറിയൊരു സദസ് മാത്രമാണ് സ്ഥാനാരോഹണച്ചടങ്ങിനു സാക്ഷ്യം വഹിച്ചത്.
ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ് ലിയോപോൾ ജിറെല്ലി, ഗോവയുടെയും ഡാമന്‍റെയും മെത്രാപ്പൊലീത്തയും ഈസ്റ്റ് ഇന്‍ഡീസ് പാത്രിയര്‍ക്കീസുമായ കർദിനാൾ ഡോ. ഫിലിപ് നെരി അന്‍റോണിയോ സെബാസ്റ്റ്യാവോ ഡോ റൊസാരിയോ ഫെറാവോ, മേജർ ആർച്ച് ബിഷപ് ഇമെരിറ്റസ് മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷനും മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, കണ്ണൂർ ബിഷപ് ഡോ.അലക്‌സ് വടക്കുംതല തുടങ്ങിയവരും പങ്കെടുത്തു.
1989 ൽ മാർ ജോസഫ് കുണ്ടുകുളത്തിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ച മാർ റാഫേൽ തട്ടിൽ 2010ലാണ് തൃശ്ശൂർ സഹായ മെത്രാനാകുന്നത്. നിലവിൽ ഷംഷാബാദ് രൂപയുടെ ബിഷപ്പ് ആയി സേവനം അനുഷ്ഠിക്കുകയായിരുന്നു ഇദ്ദേഹം.