വെടിനിര്‍ത്തല്‍ ആവശ്യപ്പെടാതെയാണ് അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്രയേല്‍ വംശഹത്യ കേസില്‍ ഇടക്കാല വിധി പുറപ്പെടുവിച്ചത്. ഗാസ വാസയോഗ്യമല്ലാത്തിടമായെന്ന് ഐക്യരാഷ്ട്രസഭ പരാമര്‍ശിച്ചതിന് പിന്നാലെയാണ് ഇടക്കാല വിധിയും ഗാസയ്ക്ക് ആശ്വാസമല്ലാതായത്.
ഹേഗിലെ അന്താരാഷ്ട്ര നീതി ന്യായ കോടതിയിലേക്ക് ന്യായാധിപ ജോണ്‍ ഡോണോഗ് കടന്നു വരുമ്പോള്‍ അത്രയും നിശബ്ദമായിരുന്നു കോടതി. ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ നിശബ്ദരാക്കപ്പെട്ട ഗാസയിലെ നിഷ്‌കളങ്കരായ കുരുന്നുകളെപ്പോലെ. ഗാസയില്‍ ഇസ്രയേല്‍ വംശീയഹത്യയാണ് നടത്തുന്നത് എന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്കയാണ് കോടതിയെ സമീപിച്ചത്. വംശഹത്യ ആരോപിച്ചുള്ള കേസ് തള്ളിക്കളയില്ലെന്നും മതിയായ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കി.
ഗാസയിലെ വംശഹത്യ തടയാന്‍ ഇസ്രയേല്‍ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വംശഹത്യ നടത്തുന്നത് തടയാന്‍ സ്വീകരിച്ച നടപടികളെ കുറിച്ച് ഒരുമാസത്തിനകം റിപ്പോര്ട്ട് സമര്‍പ്പിക്കാനും കോടതി ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വെടിനിര്‍ത്തലിനുള്ള ഉത്തരവ് നല്‍കാതെയാണ് കോടതി കേസ് അവസാനിപ്പിച്ചത്.
അത്തരമൊരു തീരുമാനത്തിലെത്താന്‍ വര്‍ഷങ്ങളെടുക്കുമെന്ന് കണക്കുകൂട്ടാം. ഇതിനോടകം ഭൂരിഭാഗം പലസ്തീനികളും ഗാസയില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടു കഴിഞ്ഞു. നരകമായ അഭയാര്‍ത്ഥി ക്യാമ്പുകളും വെള്ളവും ശുദ്ധവായു പോലും നിക്ഷേധിക്കപ്പെടുന്ന ജനതയായി നിസഹായതയുടെ മറ്റൊരുപേരായാണ് പലസ്തീന്‍ ജനത മാറിയിരിക്കുന്നത്. നിര്‍ബന്ധിത കുടിയൊഴിപ്പിക്കലടക്കമുള്ള മാനുഷിക ദുരന്തമാണ് ഗാസയിലെന്നതില്‍ അന്താരാഷ്ട്ര കോടതിക്കും സംശയമില്ല.