കൊച്ചി: കുടിവെള്ളമില്ലെങ്കിലും കൃത്യമായി ബില്ലടക്കണമെന്നും പരാതിപ്പെടില്ലെന്നും വീട്ടമ്മയില്‍ നിന്നും എഴുതി വാങ്ങിയ വാട്ടര്‍ അതോറിറ്റിക്കെതിരെ നടപടിയുമായി ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. നടപടി അധാര്‍മികമായ വ്യാപാര രീതിയാണെന്നും കോടതി പറഞ്ഞു. കൃത്യമായി ബില്ലടച്ചിട്ടും ജലലഭ്യത ഉറപ്പാക്കാത്ത വാട്ടര്‍ അതോറിറ്റി 65,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു.
കൃത്യമായി ബില്‍ തുക നല്‍കിയിട്ടും വെള്ളം നല്‍കാത്ത വാട്ടര്‍ അതോറിറ്റി, മുടക്കമില്ലാതെ കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തേണ്ടതും കൂടാതെ 65,000 രൂപ നഷ്ടപരിഹാരവും ഉപഭോക്താവിന് നല്‍കണമെന്ന് ഡി ബി ബിനു പ്രസിഡണ്ടും, വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് ഉത്തരവ് നല്‍കി.
എറണാകുളം മരട് സ്വദേശി ഡോ മറിയാമ്മ അനില്‍ കുമാര്‍ സമര്‍പ്പിച്ച പരാതിയില്‍ വാട്ടര്‍ അതോറിറ്റിയുടെ തൃപ്പൂണിത്തുറ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്.
ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ 2018 മെയ് മാസത്തിലാണ് പരാതിക്കാരി എടുത്തത്. അന്നുമുതല്‍ ജനുവരി 2019 വരെ വാട്ടര്‍ചാര്‍ജ് നല്‍കിയിട്ടുണ്ട്. എന്നാല്‍ വെള്ളം മാത്രം കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട് പരാതിക്കാരി പല പ്രാവശ്യം വാട്ടര്‍ അതോറിറ്റിയുടെ ഓഫീസുകളില്‍ കയറി ഇറങ്ങി. വെള്ളം ലഭിച്ചില്ലെങ്കിലും യാതൊരുവിധ പരാതിയും ഉന്നയിക്കില്ലെന്ന് പരാതിക്കാരി തന്നെ എഴുതി നല്‍കിയിട്ടുണ്ടെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ നിലപാട്.
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 50 മുതല്‍ 100 ലിറ്റര്‍ വെള്ളം വരെയാണ് ഒരാളുടെപ്രതിദിന ജല ഉപഭോഗം. എന്നാല്‍ 2018 മെയ് മാസം മുതല്‍ 2019 ജനുവരി വരെയുള്ള എട്ടുമാസം വെറും 26 യൂണിറ്റ് വെള്ളമാണ് വാട്ടര്‍ അതോറിറ്റി പരാതിക്കാരിക്ക് നല്‍കിയത്.പൈപ്പില്‍ നിന്ന് വെള്ളം കിട്ടുന്നില്ലെങ്കിലും മിനിമം വാട്ടര്‍ ചാര്‍ജ് നല്‍കണമെന്നും വെള്ളം കിട്ടാതിരുന്നാല്‍ അതിനെ സംബന്ധിച്ച് വാട്ടര്‍ അതോറിറ്റിക്കെതിരെ യാതൊരുവിധ പരാതിയും താന്‍ നല്‍കുന്നതല്ലെന്നും പ്രത്യേകമായ ഒരു ഉറപ്പ് വാട്ടര്‍ അതോറിറ്റി കണക്ഷന്‍ നല്‍കുന്ന വേളയില്‍ എഴുതി വാങ്ങിയിരുന്നു.കുടിവെള്ളം ലഭിക്കുക എന്നത് ഭരണഘടനയിലെ 21 അനുച്ഛേദപ്രകാരം ജീവിക്കാനുള്ള പൗരന്റെ അവകാശത്തിന്റെ ഭാഗമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.
മിനിമം ചാര്‍ജ് ഈടാക്കിക്കൊണ്ട് കുടിവെള്ളം നല്‍കാതിരിക്കുകയും പരാതിപ്പെടാന്‍ അവകാശമില്ലെന്ന് പരാതിക്കാരിയെ കൊണ്ട് നിര്‍ബന്ധപൂര്‍വ്വം എഴുതി വാങ്ങിക്കുകയും ചെയ്യുന്ന വാട്ടര്‍ അതോറിറ്റിയുടെ നടപടി അധാര്‍മികമായ വ്യാപാര രീതിയും നിയമവിരുദ്ധവുമാണ്. പരാതിപ്പെടാനുള്ള അവകാശം നിയമപ്രകാരം ഓരോ ഉപഭോക്താവിനും ഉണ്ടെന്നിരിക്കെ അതിന് വിരുദ്ധമായ നടപടി സേവനത്തിലെ ന്യൂനത മാത്രമല്ല പൊതു ഉറവകളിലെ വെള്ളം വിതരണം ചെയ്യാനുള്ള കുത്തക അവകാശം ദുരുപയോഗിച്ച് നിയമവിരുദ്ധമായി ലാഭം നേടാന്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി.
പരാതിക്കാരിയുടെ വീട്ടിലേക്ക് ആവശ്യത്തിനുള്ള വെള്ളം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉടന്‍ ഉറപ്പുവരുത്താന്‍ വാട്ടര്‍ അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി. സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയും മൂലം പരാതിക്കാരിക്കുണ്ടായ മന:ക്ലേശത്തിന് 50,000 രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതി ചെലവും ഒരു മാസത്തിനകം വാട്ടര്‍ അതോറിറ്റി നല്‍കണം. അഡ്വ ജോര്‍ജ് ചെറിയാന്‍ പരാതിക്കാരിക്കുവേണ്ടി കോടതിയില്‍ ഹാജരായി.