ന്യൂഡൽഹി: കരിപ്പുരില്‍ നിന്നുള്ള ഹജ് യാത്രാ നിരക്ക് കുറയ്ക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി ഇറാനി മുസ്‍ലിം ലീഗ് എംപിമാര്‍ക്ക് ഉറപ്പ് നല്‍കി. ടിക്കറ്റിന് നാല്‍പതിനായിരം രൂപ കുറയ്ക്കാമെന്ന് ന്യൂനപക്ഷകാര്യമന്ത്രിയുടെ ഒാഫീസ് എംപിമാരെ അറിയിച്ചു. ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിനും സംസ്ഥാന ഹജ്ജ് കമ്മറ്റിക്കും ഇടപെടാമെന്നും ന്യൂനപക്ഷകാര്യമന്ത്രി വ്യക്തമാക്കി.
ഈ വർഷം കേരളത്തിൽനിന്ന് 24,784 പേരാണ് ഹജിന് അപേക്ഷിച്ചത്. അതിൽ 14,464 പേർ യാത്രയ്ക്കുള്ള ആദ്യ ഓപ്ഷനായി നൽകിയത് കോഴിക്കോട് വിമാനത്താവളമാണ്. ഹജ് വിമാന സർവീസിനുള്ള ടെൻഡറിൽ കൊച്ചിയിൽനിന്നും കണ്ണൂരിൽനിന്നും ക്വോട്ട് ചെയ്തിരിക്കുന്ന ഏറ്റവും കുറഞ്ഞ തുക ഏകദേശം 80,000 രൂപയാണ്. കോഴിക്കോട്ടുനിന്ന് ഇത് ഏകദേശം 1,65,000 രൂപയായിരുന്നു.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ നിരക്ക് കോഴിക്കോട്ടു നിന്നായിരുന്നു. നിരക്കുവർധനയ്ക്കെതിരെ വലിയ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണു കേന്ദ്ര ഇടപെടൽ. നിരക്കു കുറയ്ക്കാൻ ഇടപെടണമെന്ന് സംസ്ഥാന സർക്കാരും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും സംഘടനകളും എയർ ഇന്ത്യയോടും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തോടും കേന്ദ്ര ഹജ് കമ്മിറ്റിയോടും ആവശ്യപ്പെട്ടിരുന്നു. 2020ലെ അപകടത്തിനുശേഷം കോഴിക്കോട്ടുനിന്നു വലിയ വിമാനങ്ങളുടെ സർവീസ് അനുവദിക്കാത്തതും നിരക്കു വർധനയ്ക്ക് കാരണമായി.