ന്യൂഡൽഹി: സംഗീത പരിപാടിക്കിടെ ആരാധകനോട് മോശമായി പെരുമാറി ഗായകനും ടെലിവിഷൻ അവതാരകനുമായ ആദിത്യ നാരായൺ. ഗായകനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് നടക്കുന്നത് . ലൈവ് സംഗീത പരിപാടിക്കിടെ ആരാധകനെ ഗായകൻ മെെക്ക് കൊണ്ടിടിച്ച വീഡിയോ വെെറലായതോടെയാണ് നിരവധിയാളുകൾ വിമർശനവുമായി എത്തിയത്.
പാട്ട് പാടിക്കൊണ്ട് നടന്നു നീങ്ങുന്നതിനിടെ ആരാധകനോട് ആദിത്യ ഫോൺ ചോദിക്കുകയും അദ്ദേഹമത് കൊടുക്കാതായതോടെ മെെക്ക് കൊണ്ട് ഇടിക്കുകയുമായിരുന്നു. പിന്നാലെ ഫോൺ പിടിച്ചുവാങ്ങി ദൂരേയ്ക്ക് വലിച്ചെറിഞ്ഞു. വേദിയുടെ മുൻനിരയിലാണ് ഇയാൾ നിന്നിരുന്നത്. ഗായകൻ എന്തിനാണ് ഇത്രയും പ്രകോപിതനായതെന്നുള്ള വിവരം ആളുകൾ തിരക്കുന്നുമുണ്ട്.
നാണക്കേട് എന്നാണ് ചിലർ ആദിത്യയുടെ പ്രവൃത്തിയെ വിശേഷിപ്പിച്ചത്. ഗായകന്റെ നടപടി ഒട്ടും അംഗീകരിക്കാനാകാത്തതാണെന്ന് മറ്റൊരാൾ കുറിച്ചു.