കൊൽക്കത്ത: അക്ബർ സിംഹത്തെ സീത എന്ന പെൺ സിംഹത്തോടൊപ്പം താമസിപ്പിക്കുന്നത് ഹിന്ദു മതത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്ന വിചിത്ര ആരോപണവുമായി ഹൈക്കോടതിയിൽ ഹർജിയുമായി തീവ്രഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിഷത്
സിലിഗുരിയിലെ സഫാരി പാർക്കിൽ സിംഹജോഡികലെ ഒരുമിച്ച് താമസിപ്പിക്കാൻ പശ്ചിമബംഗാൾ വനം വകുപ്പിന്റെ തീരുമാനത്തിനെതിരെയാണ് ഹർജി. കൊൽക്കത്ത ഹൈകോടതിയിലാണ് വി.എച്ച്.പി ബംഗാൾ ഘടകം ഹർജി സമർപ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ വനം വകുപ്പാണ് ഇവർക്ക് പേരിട്ടതെന്നും മുസ്ലിം നാമധാരിയായ അക്ബറിനെ സീതയോടൊപ്പം താമസിപ്പിക്കുന്നത് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുമെന്നും ഹർജിക്കാർ പറയുന്നു.
ഫെബ്രുവരി 16ന് ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ ബെഞ്ചിലെത്തിയ ഹർജി ഈ മാസം 20ന് വിശദമായി പരിഗണിക്കുന്നതിന് മാറ്റിയിരിക്കുകയാണ്. അതേസമയം ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്നും എത്തിച്ച സിംഹജോഡികളാണിതെന്നും പേരുകൾ അവയ്ക്ക് നേരത്തെ നൽകിയിരുന്നതാണെന്നും പാർക്ക് അധികൃതർ വ്യക്തമാക്കി. ഫെബ്രുവരി 13നാണ് ഇവരെ സിലിഗുരി പാർക്കിലെത്തിച്ചത്.