Share this Article
ആത്മവിശ്വാസമുണ്ടെങ്കിൽ വയനാട്ടിലേക്ക് പോകാതെ അമേഠിയില്‍ മത്സരിക്കൂ; രാഹുലിനെ വെല്ലുവിളിച്ച് സ്മൃതി ഇറാനി
വെബ് ടീം
posted on 19-02-2024
1 min read
Smriti Irani's


ലക്‌നൗ : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 2019ല്‍ രാഹുല്‍ അമേഠിയെ കൈവിട്ടു. ഇപ്പോള്‍ രാഹുലിനെ അമേഠി കൈയൊഴിഞ്ഞു. ആത്മവിശ്വാസമുണ്ടെങ്കില്‍ വയനാട്ടിലേക്ക് പോകാതെ മുന്‍ മണ്ഡലമായ അമേഠിയില്‍ നിന്ന് ജനവിധി തേടാന്‍ തയ്യാറാകണം. അമേഠിയിലെ ജനങ്ങള്‍ക്ക് രാഹുലിനോടുള്ള മനോഭാവം എന്താണെന്ന് അവിടുത്തെ വിജനമായ വീഥികള്‍ വിളിച്ചു പറയുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉത്തര്‍പ്രദേശില്‍ എത്തിയ പശ്ചാത്തലത്തിലാണ് സ്മൃതി ഇറാനിയുടെ പ്രതികരണം. 2019ലെ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംപിയായ രാഹുല്‍ 55,000 വോട്ടിനാണ് സ്മൃതി ഇറാനിയോട് പരായപ്പെട്ടത്. 80 സീറ്റുള്ള സംസ്ഥാനത്ത് ഒരിടത്ത് മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. റായ് ബറേലിയില്‍ മാത്രം. അതേസമയം വയനാട്ടില്‍ രാഹുലിന്റെ വിജയം വന്‍ ഭൂരിപക്ഷത്തിലായിരുന്നു.

ഇത്തവണ സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുന്നതോടെ റായ്ബറേലിയില്‍ പുതിയ ആളാവും മത്സരംഗത്തുണ്ടാവുക. റായ്ബറേലിയിലെ ജനങ്ങളുടെ പിന്തുണ ഇനിയും തന്റെ കുടുംബത്തിനൊപ്പമുണ്ടായിരിക്കണമെന്ന് സോണിയ അഭ്യര്‍ഥിച്ചിരുന്നു. ഇത് ഗാന്ധി കുടുംബത്തിലെ ആര്‍ക്കായാണ് മാറ്റിവച്ചതെന്നും ഗാന്ധി കുടുംബം മറ്റാര്‍ക്കും ഈ സീറ്റ് നല്‍കാന്‍ തയ്യാറാകില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.

അമേഠി തിരിച്ചുപിടിക്കാന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമോയെന്ന കാര്യത്തില്‍ പ്രതികരണത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ തയാറായിട്ടില്ല. അവിടെ ആര് മത്സരിക്കണമെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മറ്റി തീരുമാനിക്കുമെന്ന് പാര്‍ട്ടി നേതാവ് ജയറാം രമേശ് പറഞ്ഞു.

കോണ്‍ഗ്രസ് ശക്തികേന്ദ്രം തിരിച്ചുപിടിക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.രാഹുല്‍ ഗാന്ധി മൂന്ന് തവണ അമേഠിയില്‍ നിന്ന് എംപിയായിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവ് രാജീവ് ഗാന്ധിയും അമേഠിയില്‍ നിന്ന് മത്സരിച്ചിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇത് വളരെ പ്രധാനപ്പെട്ട മണ്ഡലമാണെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് 37 ദിവസം പൂര്‍ത്തിയാക്കും. ബാബുഗഞ്ചില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. തിങ്കളാഴ്ച രാത്രി അമേഠിയില്‍ തങ്ങുന്ന സംഘം ചൊവ്വാഴ്ച റായ്ബറേലിയിലെത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories