Share this Article
'കോണ്‍ഗ്രസിനെ ജയിപ്പിച്ചാല്‍, ബിജെപിയായി മാറില്ലേ?';രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി; തരൂര്‍ ഇസ്രയേല്‍ ശരി എന്ന നിലപാടെടുത്തുവെന്ന് ഓർമ്മിപ്പിച്ചും മുഖ്യമന്ത്രി
വെബ് ടീം
posted on 09-03-2024
1 min read
if-congress-wins-wont-it-become-bjp-chief-minister-with-severe-criticism

തിരുവനന്തപുരം: പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നു, ഒരു സംസ്ഥാന ഭരണം കോണ്‍ഗ്രസിന് കൊടുത്താല്‍, കോണ്‍ഗ്രസ് അത് ബിജെപിക്ക് കൊടുക്കും. ഇങ്ങനെ ഒരു നാണം കെട്ട പാര്‍ട്ടി ഉണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

''ഇന്ന് കോണ്‍ഗ്രസായിരുന്നവര്‍ നാളെയും കോണ്‍ഗ്രസായിരിക്കുമെന്ന് എങ്ങനെ വിശ്വസിക്കും? കോണ്‍ഗ്രസിനെ ജയിപ്പിച്ചാല്‍ കോണ്‍ഗ്രസായി നില്‍ക്കുമോ?. ബിജെപിയായി മാറില്ലേ? വേണമെങ്കില്‍ ബിജെപിയാകും എന്ന് പറഞ്ഞത് കെ.സുധാകരനാണ്. ഇപ്പോള്‍ എന്തായി?. രണ്ട് പ്രധാന നേതാക്കളുടെ മക്കള്‍ ബിജെപിയില്‍ പോയി. ഇനി എത്ര പേര് പോകാന്‍ ഉണ്ടെന്നും'' പിണറായി വിജയന്‍ പരിഹസിച്ചു.

ഏതെങ്കിലും സ്ഥലത്ത് ആനയെ കടുവയോ ആളുകളെ ഉപദ്രവിക്കുന്ന അവസ്ഥ വന്നാല്‍, മരിച്ചുകിട്ടിയാല്‍ ആ ശവമെടുത്ത് ഓടാന്‍ വേണ്ടിയും സര്‍ക്കാരിനെതിരെ തിരിച്ചുവിടാനും നില്‍ക്കുകയാണ്. മനുഷ്യ ജീവന് വില കല്‍പ്പിക്കാത്തതാണ് പ്രശ്നമെന്നും ഉത്തരവാദികള്‍ കോണ്‍ഗ്രസും ബിജെപിയുമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

വന്യജീവി ആക്രമണം ശരിയായി പരിഹരിക്കണം എങ്കില്‍ വന്യജീവി നിയമങ്ങളില്‍ മാറ്റം വേണം. ഇന്ദിര ഗാന്ധിയുടെ കാലത്താണ് ഈ നിയമങ്ങള്‍ ഉണ്ടാക്കിയത്. ജയറാം രമേശ് അത് കൂടുതല്‍ ശക്തമാക്കി. കോണ്‍ഗ്രസ് കൊണ്ടുവന്ന നിയമം ബിജെപി സംരക്ഷിക്കുന്നു. ഈ നിയമങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസും ബിജെപിയുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും ഘട്ടത്തില്‍ ഇസ്രായേലിനെ പിന്തുണച്ച ചരിത്രം ഉള്ള ആള്‍ അല്ല പന്ന്യന്‍ രവീന്ദ്രനെന്നും പിണറായി വിജയന്‍ പറഞ്ഞു.

ശശി തരൂരിന്റെ ഇസ്ര‌യേല്‍ അനുകൂല പ്രസ്താവനയും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓർമിപ്പിച്ചു. പലസ്തീന്‍ ഐക്യദാര്‍ഢ്യ യോഗത്തില്‍ ഇസ്രയേലിനെയാണ് തരൂര്‍ അനുകൂലിച്ചത്. ഇസ്രയേല്‍ ശരി എന്ന നിലപാടെടുത്തു. ആരും അദ്ദേഹത്തെ തിരുത്തിയില്ലെന്നും ഇതെല്ലാം നമ്മുടെ ദുരനുഭവമെന്നും മുഖ്യമന്ത്രി പറഞ്ഞു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories