Share this Article
image
രണ്ടാം ഘട്ട പട്ടികയുമായി കോൺഗ്രസ്; 4 സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; മുൻ മുഖ്യമന്ത്രിമാരുടെ മക്കളും പട്ടികയിൽ
വെബ് ടീം
posted on 12-03-2024
1 min read
Sons Of Kamal Nath, Ashok Gehlot In Congress' 2nd List For Lok Sabha Polls

ന്യൂഡൽഹി: ഉടൻ നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. അസം, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, സംസ്ഥാനങ്ങളിലെ 43 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ജനറൽ വിഭാഗത്തിൽനിന്ന് പത്തു സ്ഥാനാർഥികളും എസ്‍സി–എസ്ടി–ഓബിസി വിഭാഗത്തിൽനിന്ന് 33 സ്ഥാനാർഥികളുമാണ് ഉൾപ്പെട്ടിട്ടുള്ളതെന്ന് പട്ടിക പ്രഖ്യാപിച്ചു കൊണ്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. 43 പേരിൽ 25 പേരും 50 വയസ്സിന് താഴെയുള്ളവരാണ്. 

അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകൻ ഗൗരവ് ഗെഗോയ്, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഗെലോട്ട്, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ മകൻ നകുൽ നാഥ് എന്നിവർ രണ്ടാംഘട്ട പട്ടികയിൽ ഉൾപ്പെട്ടു. വൈഭവ് ഗെലോട്ട് രാജസ്ഥാനിലെ ജെലോറിൽനിന്ന് ജനവിധി തേടും. 2019ലെ തിരഞ്ഞെടുപ്പിൽ ജോധ്പുറിൽനിന്ന് മത്സരിച്ച വൈഭവ്, ബിജെപിയുടെ ഗജേന്ദ്ര സിങ് ഷെഖാവത്തിനോട് പരാജയപ്പെട്ടിരുന്നു. രാജസ്ഥാൻ പൊലീസ് മേധാവി ഹരീഷ് മീന തോങ് സവായ് മധോപുരിൽനിന്നു മത്സരിക്കും.ബിജെപിയിൽനിന്ന് കോൺഗ്രസിലെത്തിയ രാഹുൽ കസ്‍വാൻ രാജസ്ഥാനിലെ ചുരുവിൽനിന്നു മത്സരിക്കും. നകുൽനാഥ്  മധ്യപ്രദേശിലെ ചിന്ദ്‍വാരയിൽനിന്നും ഗോരവ് ഗൊഗോയ് അസമിലെ ജോർഹതിൽനിന്നും ജനവിധി തേടും.

മാർച്ച് എട്ടിനാണ് കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. ഇതിൽ 39 പേരാണ് ഉൾപ്പെട്ടത്. കേരളത്തിൽ കോൺഗ്രസ് മത്സരിക്കുന്ന 16 സീറ്റുകളിലെ സ്ഥാനാർഥികളെയും അന്ന് പ്രഖ്യാപിച്ചിരുന്നു. കേരളത്തിനു പുറമേ കർണാടക, തെലങ്കാന, ഛത്തീസ്ഗഡ്, മേഘാലയ, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണു പ്രഖ്യാപിച്ചത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories