കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോ കൂടുതല്‍ മേഖലകളിലേക്ക് സര്‍വ്വീസ് വ്യാപിപ്പിക്കുന്നു. മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനെല്ലൂര്‍ എന്നി നാല് മേഖലകളിലേക്കാണ് വാട്ടര്‍ മെട്രോ എത്തുന്നത്. വ്യാഴാഴ്ച വൈകീട്ട് 5.30ന് ഏലൂര്‍ വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നാലു ടെര്‍മിനലുകളും ഉദ്ഘാടനം ചെയ്യും.
നാല് ടെര്‍മിനലുകള്‍ കൂടി ഉദ്ഘാടനം ചെയ്യുന്നതോടെ രണ്ട് പുതിയ റൂട്ടുകളില്‍ കൂടിയാണ് കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കുക. ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് ബോല്‍ഗാട്ടി, മുളവുകാട് നോര്‍ത്ത് ടെര്‍മിനലുകള്‍ വഴി സൗത്ത് ചിറ്റൂര്‍ ടെര്‍മിനല്‍ വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂര്‍ ടെര്‍മിനലില്‍ നിന്ന് ഏലൂര്‍ ടെര്‍മിനല്‍ വഴി ചേരാനെല്ലൂര്‍ ടെര്‍മിനല്‍ വരെയുള്ളതാണ് മറ്റൊരു റൂട്ട്. ഇതോടെ 9 ടെര്‍മിനലുകളിലായി 5 റൂട്ടിലേക്ക് കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് വ്യാപിച്ചിരിക്കുകയാണ്
സര്‍വ്വീസ് ആരംഭിച്ച് പത്ത് മാസം പിന്നിട്ടപ്പോള്‍ മൂന്ന് റൂട്ടുകളിലായി പതിനേഴര ലക്ഷത്തിലധികം ആളുകളാണ് കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത്. പരിസ്ഥിതി സൗഹാര്‍ദ്ദപരമായി ഒരുക്കിയിരിക്കുന്ന കൊച്ചി വാട്ടര്‍ മെട്രോ സംസ്ഥാനത്തെ സംബന്ധിച്ച് ചരിത്ര നേട്ടമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സര്‍വ്വീസ് ആരംഭിച്ച് ചുരുങ്ങിയ കാലയളവില്‍ തന്നെ ലോകശ്രദ്ധ നേടാന്‍ കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് സാധിച്ചു. ഫോര്‍ട്ട് കൊച്ചി ടെര്‍മിനലില്‍ നിന്നും അധികം വൈകാതെ തന്നെ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
നിലവില്‍ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍-വൈപ്പിന്‍- ബോല്‍ഗാട്ടി, വൈറ്റില-കാക്കനാട് എന്നി മൂന്ന് റൂട്ടുകളിലായി 13 ബോട്ടുകളാണ് കൊച്ചി വാട്ടര്‍ മെട്രോയ്ക്കായി സര്‍വ്വീസ് നടത്തുന്നത്. പാലിയംതുരുത്ത്, കുമ്പളം, വില്ലിംഗ്ടണ്‍ ഐലന്‍ഡ്, മട്ടാഞ്ചേരി എന്നീ ടെര്‍മിനലുകളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പത്ത് ദ്വീപുകളിലായി 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 വാട്ടര്‍ മെട്രോ ബോട്ടുകള്‍ സര്‍വ്വീസ് നടത്തും.